5 വർഷം, 200 പാലങ്ങൾ; റെക്കോർഡുകൾ വാരിക്കൂട്ടി പൊതുമരാമത്ത് വകുപ്പ്
text_fieldsവേമ്പനാട്ടുകായലിലെ ഏറ്റവും നീളംകൂടിയ പെരുമ്പളം പാലം.
കോഴിക്കോട്: കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പൊതുമരാമത്ത് വകുപ്പ് കൈവവരിച്ചത് സർവകാല റെക്കോർഡെന്ന് കണക്കുകൾ. ചരിത്രത്തിൽതന്നെ ഏറ്റവുംകൂടുതൽ വികസനം നടന്ന വകുപ്പായി പൊതുമരാമത്ത് വിഭാഗം മാറി. 200 പാലങ്ങളാണ് 2021 മുതൽ ഇതുവരെ ജനങ്ങൾക്കായി തുറന്നുകൊടുത്തത്. 2021ൽ ഇടതുപക്ഷം അധികാരത്തിലെത്തിയ സമയത്ത് അഞ്ചുവർഷത്തിനിടെ 100 പാലങ്ങൾ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നു. പാലങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങളും വകുപ്പിൽ സജീകരിച്ചിരുന്നു. എന്നാൽ പ്രതീക്ഷക്കുമപ്പുറം 100 പാലങ്ങൾക്കുപകരം കഴിഞ്ഞ അഞ്ചുവഷംകൊണ്ട് 200 പാലങ്ങൾ പൂർത്തിയാക്കാനായെന്ന് മന്ത്രി പറഞ്ഞു.
ഇതിനായി ഒപ്പംനിന്ന എല്ലാവർക്കും നന്ദിപറയുന്നുവെന്നും, എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങളാണ് ഇത്തരത്തിലുള്ള വികസനങ്ങൾക്ക് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുമരാമത്ത് വകുപ്പിന്റെ പാലങ്ങളുടെ വിഭാഗം, ദേശീയപാതാ വിഭാഗം, കെ.എസ്.ടി.പി, ആർ.ബി.ഡി.സി.കെ, കെ.ആർ.എഫ്.ബി എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് പാലങ്ങളുടെ നിർമാണം പൂർത്തീകരിച്ചത്. സമയബന്ധിതമായി നിർമാണ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിരന്തരം റിവ്യൂ യോഗങ്ങൾ ചേർന്നിരുന്നു. ഓരോ പ്രവൃത്തിയിടങ്ങളിലും നേരിട്ടെത്തി പരിശോധന നടത്തുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
2000 കോടിരൂപയിലധികം ചെലവിട്ടാണ് 200 പാലങ്ങൾ നിർമിച്ചതെന്നും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന 122 പാലങ്ങളുടെ നിര്‍മാണ പ്രവൃത്തികള്‍കൂടി പൂര്‍ത്തിയായാല്‍ എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കുന്ന ആകെ പാലങ്ങളുടെ എണ്ണം 322 ആകുമെന്നും 30 വർഷങ്ങൾക്ക് അപ്പുറത്തേക്കുള്ള കേരളത്തെ 10 വർഷം കൊണ്ട് മാറ്റി എടുക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
200 പാലങ്ങൾ എന്നത് 400 പ്രദേശങ്ങളെ ഒന്നിപ്പിക്കുകയാണെന്നും ആയിരക്കണക്കിന് ആളുകളുടെ ജീവിതനിലവാരംതന്നെ ഇതുമൂലം മാറും. പതിറ്റാണ്ടുകളായി ആളുകൾ കാത്തിരുന്ന, ആഗ്രഹിച്ചിരുന്ന പാലമാണ് പലയിടങ്ങളിലും യാഥാർഥ്യമായത്. സാധാരണ ജനവിഭാഗങ്ങൾ അധിവസിക്കുന്ന മേഖലകളിൽ അവർ ആഗ്രഹിച്ചിരുന്ന പ്രദേശങ്ങളെ കൃത്യമായി കണ്ടെത്തി അങ്ങനെയുള്ള സ്ഥലങ്ങളിലേക്ക് കൂടുതൽ പാലങ്ങൾ നിർമിച്ചു.
ഇതിനായുള്ള ചെലവുകളല്ല, പാലം വരുന്നതുവഴി ആ പ്രദേശത്തെ ജനങ്ങൾക്കുണ്ടാകുന്ന സൗകര്യങ്ങളാണ് കണക്കാക്കിയത്. അമ്പൂരിയിലെയും പെരുമ്പളത്തെയും പാലങ്ങളെല്ലാം അതിന്റെ ഉദാഹരണങ്ങളാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വികസനത്തിന് ഫണ്ട് കണ്ടെത്തുക എന്നതായിരുന്നു കേരളത്തിന്റെ ആവശ്യം. അങ്ങനെ പശ്ചാത്തല വികസനത്തിന് ഫണ്ട് കണ്ടെത്തുന്നതിനും കൂടിയാണ് സംസ്ഥാന സർക്കാർ കിഫ്ബി അവതരിപ്പിച്ചത്. കിഫ്ബിയിലൂടെ 30 കൊല്ലത്തേക്ക് പശ്ചാത്തല വികസനം സാധ്യമാക്കുന്നതിനുള്ള ഫണ്ട് കണ്ടെത്തുക എന്നതായിരുന്നു സർക്കാരിന്റെ തീരുമാനം. പത്തുവർഷത്തിനിടെ 2046ൽ കേരളത്തിൽ വരേണ്ട റോഡുകളും പാലങ്ങളും കെട്ടിടങ്ങളും സംസ്ഥാനത്ത് വന്നുകഴിഞ്ഞു -മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

