പെൺവാണിഭ സംഘം അസമിൽനിന്ന് കൂടുതൽ യുവതികളെ എത്തിച്ചതായി സംശയം
text_fieldsകോഴിക്കോട്: ജോലി വാഗ്ദാനം ചെയ്ത് അസം സ്വദേശിനിയായ 17കാരിയെ കോഴിക്കോട്ടെത്തിച്ച പെൺവാണിഭ സംഘം കൂടുതൽ പേരെ ഇരകളാക്കിയതായി സംശയം. പരാതിക്കാരിയായ യുവതി മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലായിരുന്നു ആദ്യം എത്തിയത്.
അവിടെ കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുന്നോടിയായി നൽകിയ മൊഴിയിൽ അസമിൽനിന്നുള്ള വേറെയും പെൺകുട്ടികളെ അനാശാസ്യത്തിനായി സംഘം കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ താമസിപ്പിച്ചിരുന്നുവെന്നും താൻ രക്ഷപ്പെടുന്നതിനു മുമ്പ് അവരെ മറ്റൊരിടത്തേക്ക് കടത്തിയെന്നും പറഞ്ഞിരുന്നു.
ഇതോടെയാണ് അറസ്റ്റിലായവർ കൂടുതൽ യുവതികളെ കേരളത്തിലേക്ക് എത്തിച്ചോയെന്ന് സംശയമുയർന്നത്. ഇക്കാര്യം പൊലീസ് അന്വേഷിച്ചുവരുകയാണ്. മാത്രമല്ല, പ്രതികൾക്ക് മലയാളികളുടെ ഒത്താശ ലഭിച്ചോ എന്നതും പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിനായി പ്രതികളുപയോഗിച്ച മൊബൈൽ ഫോണുകളുടെ കാൾ ഡീറ്റയിൽസ് ഉൾപ്പെടെ പൊലീസ് ശേഖരിച്ചു.
അതേസമയം, കേസിൽ റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ ടൗൺ പൊലീസ് തീരുമാനിച്ചു. അസം സ്വദേശികളായ ഫുർഖാൻ അലി (26), അക്ലിമ ഖാതുൻ (24) എന്നിവരെ കസ്റ്റഡിയിൽ കിട്ടാൻ ഉടൻ കോടതിയിൽ അപേക്ഷ നൽകുമെന്ന് ടൗൺ ഇൻസ്പെക്ടർ ജിതേഷ് പറഞ്ഞു. ടൗൺ പൊലീസ് സംഘം ഒഡിഷയിൽനിന്നാണ് പോക്സോ നിയമപ്രകാരം ഇവരെ അറസ്റ്റുചെയ്തത്.
പരാതിക്കാരിയായ യുവതിയുടെ പേരിൽ 19 വയസ്സ് രേഖപ്പെടുത്തിയ വ്യാജ ആധാർ കാർഡ് പൊലീസ് കണ്ടെടുത്തിരുന്നു. ഇതേതുടർന്ന് പ്രതികൾക്കെതിരെ വ്യാജരേഖ ചമച്ചതിലും അന്വേഷണം നടക്കുന്നുണ്ട്. ഈ കാർഡ് എവിടെനിന്നാണ് നിർമിച്ചതെന്ന് കണ്ടെത്താനായിട്ടില്ല.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്യുന്നതോടെ മാത്രമേ പെൺവാണിഭ സംഘത്തിൽ കൂടുതൽ പേരുണ്ടോ, സംഘം കൂടുതൽ പേരെ ഇരകളാക്കിയോ എന്നതിലും വ്യക്തത വരൂ എന്നാണ് പൊലീസ് പറയുന്നത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെങ്കിൽ അവരെയും പ്രതി ചേർക്കുകയും അറസ്റ്റിലായ പ്രതികൾക്കെതിരെ ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തുകയും ചെയ്യും.
കമിതാക്കളായ പ്രതികൾ പണം സമ്പാദിക്കണം എന്ന ഉദ്ദേശ്യത്തോടെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാം മുഖേനയാണ് ബന്ധം സ്ഥാപിച്ചത്. തുടർന്ന് കേരളത്തിൽ വീട്ടുജോലി തരപ്പെടുത്താമെന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ചും പ്രലോഭിപ്പിച്ചുമാണ് കോഴിക്കോട്ടെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

