
തോൽവി കാര്യമാക്കണ്ട...; ജയിപ്പിക്കാൻ പൊലീസുണ്ട് കൂടെ
text_fieldsകോഴിക്കോട്: പഠനം പാതിവഴിയിൽ നിർത്തിയതും തോറ്റുപോയതും കാര്യമാക്കണ്ട... വരാനിരിക്കുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു ഫലത്തിലിനി പരാജയപ്പെട്ടാലും സങ്കടപ്പെടേണ്ട... പൊലീസുണ്ട് നിങ്ങളുടെ കൂടെ. അതെ, വിദ്യാർഥികളെ പഠിപ്പിച്ച് പരീക്ഷ പാസാക്കിയെടുക്കാൻ പൊലീസ് ആവിഷ്കരിച്ച 'ഹോപ്' പദ്ധതിയിലേക്കാണ് നിങ്ങളെ ക്ഷണിക്കുന്നത്. പഠനം പാതിയിൽ നിർത്തിയവരെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ തോറ്റവരെയും കണ്ടെത്തി പഠിപ്പിച്ച് മിടുക്കരാക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്.
സോഷ്യൽ പൊലീസിന്‍റെ ഭാഗമായി 2019ലാണ് ഈ പദ്ധതി ആവിഷ്കരിച്ചത്. എസ്.എസ്.എൽ.സിയും പ്ലസ്ടുവും സ്റ്റേറ്റ് സിലബസിനൊപ്പം, ഓപ്പൺ സ്കൂൾ, തുല്യത എന്നിവക്കെല്ലാം പരിശീലനം നൽകുന്നുണ്ട്.
പദ്ധതിയുടെ ഭാഗമാകുന്ന വിദ്യാർഥികൾക്ക് സൗജന്യപഠനത്തോടൊപ്പം സംസ്ഥാന സർക്കാറിന്‍റെ തൊഴിൽപരിശീലന സ്ഥാപനമായ അസാപ്പിന്‍റെ നേതൃത്വത്തിൽ സൗജന്യമായി തൊഴിലധിഷ്ഠിത കോഴ്സുകൾ, മെന്‍ററിങ്, കൗൺസലിങ്, മോട്ടിവേഷനൽ ക്ലാസ്, വ്യക്തിത്വ വികസന ക്ലാസ് എന്നിവയും നൽകും. അവഗണനകളെ അതിജീവിക്കുക, കുറ്റകൃത്യങ്ങൾ തടയുക, സാമൂഹികബോധമുള്ള പൗരന്മാരെ സൃഷ്ടിക്കുക എന്നിവയെല്ലാമാണ് പദ്ധതിയിലൂടെ പൊലീസ് ലക്ഷ്യമിടുന്നത്. സിറ്റി പൊലീസിന് കീഴിലെ വിവിധ സ്റ്റേഷൻ പരിധിയിലായി പഠനം പാതിവഴിയിൽ നിർത്തിയ 20 കുട്ടികളാണ് ഈ വർഷം ഇതുവരെ പദ്ധതിയുടെ ഭാഗമായത്.
അടുത്തദിവസം എസ്.എസ്.എൽ.സി, പ്ലസ്ടു ഫലം വരുമ്പോൾ പരാജയപ്പെടുന്നവർക്കും ഒരുവിഷയത്തിൽ തോറ്റവർക്കുമടക്കം പദ്ധതിയുടെ ഭാഗമാകാം. കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു ബാച്ചിലായി 127 പേരെയാണ് പൊലീസ് പഠിപ്പിച്ച് പരീക്ഷക്കിരുത്തിയത്. മുൻവർഷം 68 കുട്ടികൾ പരീക്ഷ എഴുതുകയും ഇതിൽ 63 പേർ വിജയിക്കുകയും ചെയ്തിരുന്നു. തൊണ്ടയാടുള്ള നന്മ ലേണിങ് സെന്‍റററിലാണ് കുട്ടികൾക്ക് പൊലീസ് ക്ലാസ് ഒരുക്കിയത്.
ബി.എഡ് അടക്കം യോഗ്യതയുള്ള സേനയിലെ ഉദ്യോഗസ്ഥരും പുറത്തുനിന്നുള്ളവരുമാണ് അധ്യാപകർ. പദ്ധതിയുടെ ഭാഗമായി ക്ലാസിൽ ചേരാനാഗ്രഹിക്കുന്നവർ 9497900200, 7736969467 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
