ബസ് സമരം; അവിടെ വിജനം, ഇവിടെ കുരുക്ക്
text_fieldsകോഴിക്കോട്: സ്വകാര്യബസ് സമരത്തിൽ വലഞ്ഞ് യാത്രക്കാർ. ജില്ലയിൽ സ്വകാര്യ ബസുകൾ പൂർണമായും സർവിസ് നിർത്തിവെച്ചതോടെ യാത്രക്ക് ബസിനെ ആശ്രയിക്കുന്നവരെല്ലാം അക്ഷരാർഥത്തിൽ പെരുവഴിയിലായി. കെ.എസ്.ആർ.ടി.സി ബസുകൾ സർവിസുകൾ നടത്താത്തതും കുറഞ്ഞതുമായ മേഖലകളിലെല്ലാം യാത്രക്കാർ വലിയ പ്രതിസന്ധി നേരിട്ടു. വിവിധ സ്ഥലങ്ങളിൽ നിന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയവരും വാഹനം കിട്ടാതെ ദുരിതത്തിലായി. കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡും പാളയം ബസ് സ്റ്റാൻഡും വിജനമായി.
അതേസമയം, ഓഫിസുകളിലും സ്ഥാപനങ്ങളിലുമെത്താൻ സ്വകാര്യ വാഹനങ്ങളുമായി ആളുകൾ പുറത്തിറങ്ങിയതോടെ റോഡിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. നഗരത്തിലും പ്രധാനപ്പെട്ട ജങ്ഷനുകളിലും ഗതാഗതക്കുരുക്ക് മണിക്കൂറോളം നീണ്ടു. പല സ്കൂളുകളിലും ഹാജർ നില കുറവായിരുന്നു. ഇരുചക്ര വാഹനത്തിൽ മൂന്നും നാലും വിദ്യാർഥികളെ വെച്ചാണ് രക്ഷിതാക്കൾ പലരും സ്കൂളിൽ എത്തിച്ചത്. വിദ്യാർഥി കൺസെഷൻ വർധന അടക്കം വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത സമരസമിതിയുടെ സ്വകാര്യ ബസ് പണിമുടക്ക്.
കെ.എസ്.ആർ.ടി.സി അധിക സർവിസ് നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കോഴിക്കോട് അടക്കമുള്ള ഡിപ്പോകളിൽനിന്ന് നാമമാത്ര അധിക സർവിസുകൾ മാത്രമാണ് നടത്തിയത്. കോഴിക്കോട് ഡിപ്പോയിൽനിന്ന് മൂന്ന് ബസുകൾ മാത്രമാണ് അധികം സർവിസ് നടത്തിയത്. കുന്ദമംഗലം, ബാലുശ്ശേരി, മാവൂർ എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സർവിസ് നടത്തിയത്.
ആവശ്യത്തിന് ബസുകൾ ഇല്ലാത്തതും ജീവനക്കാരുടെ അഭാവം കാരണവുമാണ് അധിക സർവിസുകളുടെ എണ്ണം കുറഞ്ഞതെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. അതേസമയം, യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് അവശ്യാനുസരണം റൂട്ടുകൾ മാറ്റി സർവിസ് നടത്തിയത് യാത്രക്കാർക്ക് വലിയ ആശ്വാസമായി. കഴിഞ്ഞ മാസം കോഴിക്കോട് ഡിപ്പോയിൽനിന്ന് 21 കണ്ടക്ടർമാരെയും 27 ഡ്രൈവർമാരെയും വിവിധ ഡിപ്പോകളിലേക്ക് സ്ഥലം മാറ്റിയിരുന്നു. അതിനാൽ ജീവനക്കാരുടെ ക്ഷാമം രൂക്ഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

