സർവതിനും വിലക്കയറ്റം: പൊറുതിമുട്ടി ജനം
text_fieldsബേപ്പൂർ: നിത്യോപയോഗ സാധനങ്ങൾക്കൊപ്പം പച്ചക്കറി, മത്സ്യം, മാംസം ഹോട്ടൽ ഭക്ഷണം തുടങ്ങി എല്ലാ മേഖലയിലും വില ക്രമാതീതമായി ഉയരുകയും സാധാരണക്കാരന്റെ വരുമാനം വർധിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ജനജീവിതം ആശങ്കയിൽ.
അരി, പഞ്ചസാര, പയർ, പരിപ്പ്, ഭക്ഷ്യഎണ്ണ തുടങ്ങി അടുക്കളയിൽ അത്യാവശ്യം വേണ്ട സാധനങ്ങൾക്കെല്ലാം വില കുത്തനെ കൂടി. പെട്രോൾ-ഡീസൽ വില കൂടി വർധിച്ചതോടെ ചരക്കുകൂലിയും അധികരിച്ചാൽ വില ഇനിയും ഉയരാനാണ് സാധ്യത. ഇന്ധനവില വർധനവ് ഇരുചക്രവാഹനങ്ങളിൽ ജോലിക്ക് പോകുന്നവരിൽ സാമ്പത്തികഭാരം വർധിപ്പിച്ചു. സ്വകാര്യബസ് മേഖലയും ഓട്ടോറിക്ഷ തൊഴിലാളികളും ഓൺലൈൻ ഡെലിവറി ജീവനക്കാരും ഇന്ധന വർധനവിലെ അധികഭാരത്താൽ വീർപ്പ് മുട്ടുകയാണ്.
തമിഴ്‌നാട്ടിൽ പച്ചക്കറി ഉൽപാദനത്തിലുണ്ടായ കുറവാണ് പച്ചക്കറികൾക്ക് വില വർധിക്കാൻ കാരണം. ബീൻസ് കിലോക്ക് 140 രൂപയായി. 40 രൂപയിൽ താഴെ വിലയുള്ള പച്ചക്കറി ഇനങ്ങളൊന്നുമില്ലെന്നു തന്നെ പറയാം. സവാള (വലിയ ഉള്ളി) മാത്രമാണ് 25 -30ൽ നിൽക്കുന്നത്. ചെറിയ ഉള്ളി വില 80ലെത്തി. പരിപ്പ്, ചെറുപയർ തുടങ്ങിയ ഇനങ്ങൾക്ക് വിലകൂടി വരികയാണ്. മത്സ്യവിലയിൽ വൻവർധനവാണ് ഉണ്ടായത്.
സാധാരണക്കാർ ആശ്രയിക്കുന്ന ചെറിയ മത്തിക്ക് കിലോക്ക് 200-240 രൂപ വരെയായി. അയല, കിളിമീൻ തുടങ്ങിയ മീനുകൾക്കെല്ലാം 250-300 രൂപ വരെയെത്തി. അയക്കൂറ, നെയ്മീൻ കിലോക്ക് 1000-1500 വരെ ഉയർന്നു. മാട്ടിറച്ചി 400 രൂപ വരയെത്തി. മിൽമ പാലിനും വില കൂട്ടുവാൻ നിശ്ചയിച്ചു കഴിഞ്ഞു. പാചകവാതകത്തിന്റെയുംനിത്യോപയോഗ സാധനങ്ങളുടെയും വില വർധിച്ചതിനൊപ്പം ഹോട്ടൽ വിഭവങ്ങൾക്കും വില കൂട്ടി.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ സാഹചര്യത്തിൽ ഗാർഹികേതര പാചക വാതക സിലിണ്ടറിന് ആയിരം രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ ഹോട്ടലുകളിൽ ചായക്കും എണ്ണക്കടികൾക്കും വില വർധിപ്പിച്ചു. ഊണിന്റെ വില 70ൽനിന്ന് 100 വരെയായി. നോൺവെജ് 120-150ലെത്തി. ബിരിയാണി 175ൽനിന്ന് 200ലെത്തി. വിഭവങ്ങൾക്ക് വില കൂട്ടാതെ ഹോട്ടൽ നടത്തിക്കൊണ്ടു പോകാൻ കഴിയില്ലെന്നാണ് ഉടമകൾ പറയുന്നത്. വിലക്കയറ്റം ശരാശരി കച്ചവടത്തെയും ബാധിച്ചുവെന്നാണ് പറയുന്നത്.
സാധാരണക്കാർ ആശ്രയിക്കുന്ന തട്ടുകടകളിലും ആഹാരസാധനങ്ങൾക്ക് വില കൂട്ടിയാണ് വിൽപ്പന. വിപണിയിലെ വിലക്കയറ്റത്തെ പിടിച്ചുനിർത്തുന്നതിന് സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചു കയറി ജനജീവിതം അതീവ ദുസ്സഹമാകുമെന്നുറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

