പടിഞ്ഞാറത്തറ - പൂഴിത്തോട് ബദൽപാത; ഡിസംബറിനുള്ളിൽ പദ്ധതിരേഖക്ക് അന്തിമരൂപം
text_fieldsപ്രതീകാത്മക ചിത്രം
കോഴിക്കോട്: 27 കിലോമീറ്റർ ദൂരത്തിൽ വയനാട് ചുരം ബദൽപാതയുടെ പദ്ധതിരേഖ ഈ വർഷം തന്നെ പൂർത്തിയാവും. പൂഴിത്തോട്-പടിഞ്ഞാറത്തറ ചുരം ബദൽപാതയുടെ പദ്ധതിരേഖക്ക് ഡിസംബറിനുള്ളിൽ അന്തിമരൂപം നൽകാൻ നിർദേശിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. ടി.പി. രാമകൃഷ്ണൻ എം.എൽ.എയുടെ സബ്മിഷന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സാധ്യതാ പഠനം അടിയന്തരമായി പൂർത്തീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് മുൻകൈയെടുത്ത് വനം വകുപ്പിന്റെ സഹായത്തോടെ കേന്ദ്ര അനുമതി ലഭ്യമാക്കണമെന്നായിരുന്നു സബ്മിഷനിൽ ഉന്നയിച്ചത്. നിലവിൽ സാധ്യതാപഠനം ഏറെക്കുറെ പൂർത്തീകരിച്ചതായി മന്ത്രി അറിയിച്ചു. കോഴിക്കോട്, വയനാട് ജില്ലകളിലായി വനേതര ഭാഗത്ത് ജി.പി.എസ് സർവേയും വനത്തിനുള്ളിൽ ഡ്രോണും ഉപയോഗിച്ചുള്ള സർവേയുമാണ് നടത്തിയത്.
പടിഞ്ഞാറത്തറ ഭാഗത്ത് വനത്തിനുള്ളിൽ ആറര കിലോമീറ്ററും വനേതരഭാഗത്ത് 10 കിലോമീറ്ററും സർവേ നടത്തി. കോഴിക്കോട് പൂഴിത്തോടിൽ വനേതര ഭാഗത്ത് അഞ്ച് കിലോമീറ്ററും വനത്തിനുള്ളിൽ മൂന്ന് കിലോമീറ്ററും സർവേ നടത്തി. സർവേ പൂർത്തിയാകുന്ന പശ്ചാത്തലത്തിൽ പൊതുമരാമത്ത് വകുപ്പ് അടുത്ത ഘട്ടത്തിലേക്ക് നീങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. സാധ്യതാപഠന റിപ്പോർട്ടുകൾ പരിശോധിച്ച് പൂഴിത്തോട് -പടിഞ്ഞാറത്തറ റോഡിന്റെ താൽക്കാലിക അലൈൻമെന്റ് തയാറാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അലൈൻമെന്റിന്റെ അംഗീകാരത്തിനുശേഷം പദ്ധതി രേഖകൂടി തയാറാക്കും.
ഡിസംബറോടെ പദ്ധതിരേഖക്ക് അന്തിമരൂപം നൽകാനാണ് നിർദേശിച്ചതെന്നും ഡി.പി.ആർ തയാറാക്കിയശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ വർഷം മാർച്ച് 10 ന് സാധ്യതാ പഠനം നടത്തുന്നതിനായി പൊതുമരാമത്ത് വകുപ്പ് ഒന്നരക്കോടി രൂപ അനുവദിച്ചിരുന്നു. 1974 ലാണ് ബദൽപാതയുടെ ചർച്ചകൾ ആരംഭിച്ചത്. 1994 സെപ്റ്റംബർ 24ന് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനാണ് ആദ്യത്തെ ചുരമില്ലാ ബദൽപാതയുടെ പ്രവൃത്തി പടിഞ്ഞാറത്തറയിൽ ഉദ്ഘാടനം ചെയ്തത്. ജില്ലയുടെ പ്രവൃത്തി ഉദ്ഘാടനം അന്നത്തെ പൊതുമരാമത്ത് മന്ത്രി പി.കെ.കെ. ബാവയായിരുന്നു നിർവഹിച്ചത്. 27.075 കിലോമീറ്റർ ദൂരത്തിലാണ് റോഡ്. ബദൽപാതക്കുവേണ്ടി നിരന്തര സമരങ്ങൾ നടക്കുന്നതിനിടയിലാണ് മന്ത്രി നിയമസഭയിൽ വിശദാംശങ്ങൾ വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

