Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൂനൂർ പുഴയിൽ മാലിന്യം തള്ളൽ പതിവാകുന്നു

text_fields
bookmark_border
കുടിവെള്ള സ്രോതസ്സുകൾക്ക് ഭീഷണി; ആശങ്കയിൽ പുഴയോര നിവാസികൾ
പൂനൂർ പുഴയിൽ മാലിന്യം തള്ളൽ പതിവാകുന്നു
cancel
camera_alt

പൂ​നൂ​ർ പു​ഴ

കൊടുവള്ളി: പൂനൂർ പുഴയിലേക്ക് രാത്രിയുടെ മറവിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. സെപ്റ്റിക് ടാങ്കുകളിലെ മാലിന്യം ഉൾപ്പെടെ പുഴയിലും കൈവഴി തോടുകളിലും ഒഴുക്കിവിടുന്നത് ജനങ്ങളിൽ ആശങ്കയുയർത്തുന്നു. കുടിവെള്ള പദ്ധതികളുടെ കിണറുകൾ പ്രവർത്തിക്കുന്ന പുഴയോര മേഖലയിൽ മാലിന്യം തള്ളുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

കോഴിക്കോട് നഗരത്തിലേക്കുള്ള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പദ്ധതിയുടെയും ജലനിധി ഉൾപ്പെടെയുള്ള നിരവധി കുടിവെള്ള പദ്ധതികളുടെയും കിണറുകൾ പൂനൂർ പുഴയോരത്താണുള്ളത്. കുളിക്കാനും അലക്കാനും ഉൾപ്പെടെ നിരവധി പേരാണ് പുഴയിലെ വിവിധ കടവുകളെ ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിൽ പുഴയിലേക്ക് മാലിന്യം തള്ളുന്നത് കുടിവെള്ള സ്രോതസ്സുകൾക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയാകുകയാണ്. വ്യാപാരസ്ഥാപനങ്ങളിലെയും കെട്ടിടങ്ങളിലെയും സെപ്റ്റിക് ടാങ്ക് മാലിന്യം നീക്കം ചെയ്യാൻ കരാറെടുക്കുന്ന ചിലർ ശേഖരിക്കുന്ന മാലിന്യം പുഴയിലേക്ക് ഒഴുക്കിവിടുന്നതായാണ് നാട്ടുകാരുടെ ആരോപണം.

ഇത്തരം സംഘങ്ങൾ പിടിയിലാവുകയും ചെയ്താലും നിയമനടപടികളിൽനിന്ന് രക്ഷപ്പെട്ട് വീണ്ടും ഇതേ പ്രവൃത്തി തുടരുന്നതായും നാട്ടുകാർ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രിയും പൂനൂർ പുഴയിൽ മാലിന്യം ഒഴുക്കിയതായി നാട്ടുകാർ പറഞ്ഞു. പൂനൂർ പാലത്തിന് താഴ്ഭാഗത്താണ് വെള്ളത്തിന് ദുർഗന്ധം അനുഭവപ്പെട്ടത്. കുളിക്കാനും അലക്കാനും എത്തിയവരാണ് ദുർഗന്ധം ശ്രദ്ധയിൽപ്പെടുത്തിയത്. ഏതാനും മാസത്തിനിടെ മൂന്നാം തവണയാണ് ഈ ഭാഗത്ത് പുഴയിലേക്ക് മാലിന്യം തള്ളുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. പുഴയിൽ തുടർച്ചയായി മാലിന്യം തള്ളുന്നത് പകർച്ചവ്യാധികൾ പടരുന്നതിനും ജലസ്രോതസ്സുകൾ മലിനമാകുന്നതിനും ഇടയാക്കുമെന്ന ആശങ്ക ശക്തമാണ്. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ പ്രാദേശിക കൂട്ടായ്മകളുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.

പുഴയിൽ മാലിന്യം തള്ളുന്നവരെ പിടികൂടി കർശന നിയമനടപടി സ്വീകരിക്കണമെന്ന് പശ്ചിമഘട്ട പുഴ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. അടിയന്തര നടപടി ആവശ്യപ്പെട്ട് പൊലീസിലും തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാർക്കും ആരോഗ്യവകുപ്പിനും പരാതി നൽകുമെന്ന് സമിതി ചെയർമാൻ പി.എച്ച്. ത്വാഹ പറഞ്ഞു. പൂനൂർ പുഴയിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ അധികാരികൾ കർശന നടപടി സ്വീകരിക്കണമെന്ന് കിഴക്കോത്ത് പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ കെ.കെ. ജബ്ബാറും ആവശ്യപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Poonur River Turns Garbage Dump
Next Story