പൂനൂർ പാലംപ്രവൃത്തി പൂർത്തിയായി; സെപ്റ്റംബറിൽ തുറക്കും
text_fieldsപൂനൂർ: കൊയിലാണ്ടി-താമരശ്ശേരി-എടവണ്ണ സംസ്ഥാനപാതയിൽ പൂനൂർ അങ്ങാടിയിൽ ഉണ്ണികുളം, താമരശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പൂനൂർ പുഴക്ക് കുറുകെ നിർമിക്കുന്ന പുതിയ പാലത്തിന്റെ പ്രവൃത്തി പൂർത്തിയായി. കിഫ്ബി ഫണ്ടിൽനിന്ന് അനുവദിച്ച 4.86 കോടി രൂപ വിനിയോഗിച്ച് നിർമിച്ച പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതിന് മുന്നോടിയായി അവസാനഘട്ട മിനുക്കുപണികളാണ് ഇപ്പോൾ നടക്കുന്നത്. നിലവിലുള്ള പാലത്തിന് സമാന്തരമായി ഇടതുവശത്താണ് പുതിയ പാലം. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലത്തിന് തുക അനുവദിച്ചത്. മുൻ എം.എൽ.എ പുരുഷൻ കടലുണ്ടിയുടെ ഇടപെടലിനെ തുടർന്ന് 2017 ബജറ്റിലാണ് പാലത്തിന് ഫണ്ട് അനുവദിച്ചത്.
കൺസ്ട്രക്ഷൻ കമ്പനി പിന്മാറിയതോടെ നിർമാണപ്രവർത്തനങ്ങൾ മന്ദഗതിയിലായിരുന്നു. തുടർന്ന് മലപ്പുറം പി.എം.ആർ കൺസ്ട്രക്ഷൻസ് കമ്പനി നിർമാണ ചുമതല ഏറ്റെടുക്കുകയും മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ 2021ൽ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. പഴയ പാലം നിലനിർത്തിയാണ് സമാന്തരമായി പുതിയ പാലം നിർമിച്ചത്.
രണ്ടു സ്പാനുകളിലായി 57.5 മീറ്റർ നീളവും ഒമ്പത് മീറ്റർ വീതിയുമുള്ള പാലത്തിൽ ഏഴര മീറ്റർ വീതിയിൽ കാരേജ് വേയും ഒന്നര മീറ്റർ വീതിയിൽ ഒരുവശത്ത് നടപ്പാതയും ഉൾപ്പെടുത്തിയാണ് നിർമാണം പൂർത്തീകരിച്ചത്. പാലത്തിന്റെ ഇരുവശങ്ങളിലുമായി താമരശ്ശേരി ഭാഗത്തേക്ക് 170 മീറ്റർ നീളത്തിലും കൊയിലാണ്ടി ഭാഗത്തേക്ക് 210 മീറ്റർ നീളത്തിലും അപ്രോച്ച് റോഡും നിർമിച്ചിട്ടുണ്ട്.
പുതിയ പാലവും നിലവിലുള്ള പഴയ പാലവും വൺവേ സിസ്റ്റത്തിൽ ആയി ഉപയോഗപ്പെടുത്താനാണ് തീരുമാനം.
പുതിയപാലം താമരശ്ശേരി ഭാഗത്തേക്കും നിലവിലുള്ള പഴയ പാലം കൊയിലാണ്ടി ഭാഗത്തേക്കും വാഹനങ്ങൾക്ക് സഞ്ചരിക്കാനായി തുറന്നു കൊടുക്കും. കേരള റോഡ് ഫണ്ട് ബോർഡിന് (കെ.ആർ.എഫ്.ബി) കീഴിലാണ് പ്രവൃത്തി നടത്തിയത്. 25 മാസം കൊണ്ട് പ്രവൃത്തി പൂർത്തീകരിക്കാൻ കഴിഞ്ഞതായി അസി. എക്സിക്യൂട്ടിവ് എൻജിനീയർ പി.ബി. ബൈജു അറിയിച്ചു.
അവസാനഘട്ട മിനുക്കുപണികൾ പൂർത്തിയായതിനുശേഷം സെപ്റ്റംബറോടെ പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കാനുള്ള ഒരുക്കം തുടങ്ങിയതായി അഡ്വ. കെ.എം. സച്ചിൻദേവ് എം.എൽ.എ ‘മാധ്യമ’ത്തോട് പറഞ്ഞു. മന്ത്രി പി.എ. മുഹമ്മദ് റിയാസുമായി ചർച്ച നടത്തി തീയതി തീരുമാനിക്കും. ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ പ്രധാനപ്പെട്ട പാലങ്ങളെല്ലാം പൊളിച്ചുമാറ്റി പുതിയ പാലങ്ങൾ നിർമിക്കുകയാണ്. തെച്ചിപ്പാലം പുതുക്കിപ്പണിതു. നടുവണ്ണൂർ പഞ്ചായത്തിലെ അയനിക്കാട് കൊയമ്പ്രത്ത്കണ്ടി പാലവും ഹൈവേ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി തലയാട് പാലവും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും സച്ചിൻദേവ് എം.എൽ.എ കൂട്ടിച്ചേർത്തു.
പൂനൂർ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ സംസ്ഥാനപാതയിലെ ഗതാഗതക്കുരുക്കിനും പൂനൂർ ടൗണിന്റെ മുഖച്ഛായ മാറുന്നതിനും സഹായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.