"മാലിന്യമുക്തം നവകേരളം’ ജില്ല നൂറുശതമാനം ഹരിത അയൽക്കൂട്ടായ്മയിലേക്ക്
text_fieldsമാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ജില്ല നിർവഹണ സമിതി യോഗത്തിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്
പി. ഗവാസ് സംസാരിക്കുന്നു
കോഴിക്കോട്: പച്ചപ്പും സൗന്ദര്യവും വീണ്ടെടുക്കാനുള്ള ജില്ല പഞ്ചായത്തിന്റെ ലക്ഷ്യം ഫലപ്രാപ്തിയിലേക്ക്. റിപ്പബ്ലിക് ദിനത്തിനു മുമ്പുതന്നെ നൂറുശതമാനം ഹരിത അയൽക്കൂട്ടം പദ്ധതിയെന്ന ലക്ഷ്യം നേടാൻ കഴിയുമെന്നാണ് പ്രതീക്ഷ. ജനകീയ കാമ്പയിനുകളിലൂടെ എല്ലാ അയൽക്കൂട്ടങ്ങളും ഹരിത അയൽക്കൂട്ടമാക്കി മാറ്റുക എന്ന ലക്ഷ്യമാണ് ഈ മാസം അവസാനത്തോടെ ജില്ല കൈവരിക്കുക. നിലവിലുള്ള 27,618 അയൽക്കൂട്ടങ്ങളിൽ 25,917 ഉം ഹരിത അയൽക്കൂട്ടങ്ങളായി മാറിയതോടെ 93.84 ശതമാനം ലക്ഷ്യം നേടി.
കൊടുവള്ളി ബ്ലോക്ക് ഹരിത അയൽക്കൂട്ടങ്ങളുടെ കാര്യത്തിൽ നൂറുശതമാനം നേട്ടം കൈവരിച്ചു. കുന്നുമ്മൽ ബ്ലോക്ക് 99.78 ശതമാനവും ബാലുശ്ശേരി 99.67 ശതമാനവും കൈവരിച്ചു. വടകര -99.65, തൂണേരി -98.66, കോഴിക്കോട് 96.95, കുന്ദമംഗലം-95.94, പന്തലായനി-93.49, തോടന്നൂർ-91.76, പേരാമ്പ്ര-89.80, ചേളന്നൂർ-78.15 ശതമാനവും ലക്ഷ്യം കൈവരിച്ചു. മേലടി ബ്ലോക്കാണ് പിന്നിൽ -24.19 ശതമാനം.
നഗരപ്രദേശങ്ങളിലെ അയൽക്കൂട്ടങ്ങളുടെ കണക്കെടുത്താൽ മുക്കം, രാമനാട്ടുകര, ഫറോക്ക് മുനിസിപ്പാലിറ്റികൾ നുറുശതമാനം നേട്ടം കൈവരിച്ചു. നീർച്ചാലുകൾ വീണ്ടെടുക്കുന്ന ‘ഇനി ഞാനൊഴുകട്ടെ’ പദ്ധതി ജില്ലയിൽ 17 തദ്ദേശസ്ഥാപനങ്ങൾ ഏറ്റെടുത്തു. ഇതുവരെ 14.9 കിലോമീറ്റർ നീർച്ചാൽ ശുചീകരിച്ചു. മാനാഞ്ചിറ, പ്ലാനറ്റേറിയം, ആർട്ട് ഗാലറി എന്നീ മൂന്നു വിനോദസഞ്ചാരകേന്ദ്രങ്ങളെ കൂടി പുതുതായി ഹരിത വിനോദസഞ്ചാരകേന്ദ്രങ്ങളായി പ്രഖ്യാപിച്ചു. ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ജില്ല നിർവഹണ സമിതി തിങ്കളാഴ്ച യോഗം ചേർന്നാണ് അവലോകനം നടത്തിയത്. യോഗത്തിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ്, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ശൈലജ, രാമനാട്ടുകര മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ പി.കെ. അബ്ദുൽ ലത്തീഫ്, ജില്ല പഞ്ചായത്തംഗം റസിയ തോട്ടായി, ഹുസൂർ ശിരസ്തദാർ സി.പി. മണി, ഹരിതകേരളം മിഷൻ ജില്ല കോഓഡിനേറ്റർ പി.ടി. പ്രസാദ്, ഡി.ഡി.ഇ സി. മനോജ് കുമാർ, ഡെപ്യൂട്ടി പ്ലാനിങ് ഓഫിസർ സി.പി. സുധീഷ്, ശുചിത്വ മിഷൻ ജില്ല കോഓഡിനേറ്റർ എം. ഗൗതമൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

