ജനനായകർ ഒത്തുകൂടി; ഫാറൂഖാബാദിലെ ഓർമകൾ വീണ്ടും പൂത്തു
text_fieldsഫറോക്ക്: ഫാറൂഖ് കോളജിന്റെ ഇടനാഴികളിലൂടെ പൊതുപ്രവർത്തനത്തിന്റെ മണ്ണിലേക്ക് ചുവടുവെച്ച് തുടങ്ങിയവർ വർഷങ്ങൾക്കുശേഷം ഒന്നിച്ചുകൂടിയപ്പോൾ വേറിട്ട കാഴ്ചയും അനുഭവവുമായത് മാറി. നിലവിലുള്ള നിയമസഭാസാമാജികരും പാർലമെന്റ് അംഗങ്ങളും മുൻ അംഗങ്ങളും മുൻ മന്ത്രിമാരുമടക്കമുള്ളവരാണ് ഫാറൂഖാബാദ് ’90 കളുടെ പത്താം വാർഷികത്തോടനുബന്ധിച്ച് കോളജിന് തൊട്ടടുത്ത കെ-ഹിൽസിൽ ഒത്തുകൂടിയത്.
എം.പി. അബ്ദുസ്സമദ് സമദാനി എം.പി, മുൻ മന്ത്രിയും എം.പിയും നിലവിൽ വഖഫ് ബോർഡ് ചെയർമാനും കൂടിയായ ടി.കെ. ഹംസ, മുൻ മന്ത്രി പി.കെ. അബ്ദുറബ്, എം.എൽ.എമാരായ മഞ്ഞളാംകുഴി അലി, കെ.പി.എ. മജീദ്, പി.ടി.എ റഹീം, ഷാഫി പറമ്പിൽ, അഡ്വ. യു.എ. ലത്തീഫ്, മുൻ എം.എൽ.എ സി. മമ്മുട്ടി, മലപ്പുറം മുനിസിപ്പാലിറ്റി മുൻ ചെയർമാൻ കെ.പി. മുസ്തഫ എന്നിവരും ഫാറൂഖ് കോളജ് സോഷ്യോളജി അധ്യാപകനായിരുന്ന എം.എൽ.എ കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എന്നിവരാണ് സംഗമത്തിനെത്തിയ പൊതുപ്രവർത്തകർ.
86 വയസ്സ് പിന്നിട്ട ടി.കെ. ഹംസ തന്റെ 65 വർഷം പിന്നിട്ട പ്രീ യൂനിവേഴ്സിറ്റി പഠനകാലത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചു. എവിടെയായാലും ഫാറൂഖ് കോളജ് എന്നു കേട്ടാൽ ഈ വയസ്സുകാലത്തും ഒരു വികാരമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം കേരള പൂങ്കാവനത്തിൽ എന്ന മാപ്പിളപ്പാട്ട് പാടിയാണ് ഓർമകൾ പറഞ്ഞവസാനിപ്പിച്ചത്. ടി.കെ. ഹംസ പറഞ്ഞതിനെ പിന്തുണച്ചുകൊണ്ടുതന്നെയാണ് രാജ്യസഭാംഗമായ അബ്ദുസ്സമദ് സമദാനിയും സംസാരിച്ചത്. ഒരു കോളജ് എന്നതിനപ്പുറം ഒരു വികാരമാണ് ഫാറൂഖാബാദെന്ന് സമദാനി പറഞ്ഞു. വിസ കിട്ടി ഗൾഫിലേക്ക് പോകേണ്ടിവന്നതിനാൽ ഒന്നരവർഷം മാത്രം ഇവിടെ പഠിക്കാൻ സാധിച്ചിട്ടുള്ളൂവെന്ന് മുൻ മന്ത്രികൂടിയായ എം.എൽ.എ മഞ്ഞളാംകുഴി അലി പറഞ്ഞു.
ജീവിതത്തിലൊരിക്കലും മറക്കാത്ത കുറുക്കൻ സൂപ്പി എന്ന പഴയ സുഹൃത്തിനെയാണ് കോളജിനെക്കുറിച്ചോർമിക്കുമ്പോഴെല്ലാം ആദ്യം ഓർമയിൽ വരുകയെന്ന് പി.ടി.എ. റഹീം എം.എൽ.എ പറഞ്ഞു. മുൻ വിദ്യാഭ്യാസ മന്ത്രിയായ നാലകത്ത് സൂപ്പിയാണിതെന്നും രാത്രി മാത്രം കാമ്പസിൽ സജീവമാകുന്നതുകൊണ്ടാണ് മുൻ വിദ്യാഭ്യാസ മന്ത്രിയായ സൂപ്പിക്ക് ഈ പേര് വീണതെന്നും റഹീം പറഞ്ഞു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റാകാൻവേണ്ടി ഫാറൂഖിന്റെ പടികയറിവന്ന ആളാണ് താനെന്ന് യുവ എം.എൽ.എ ഷാഫി പറമ്പിൽ പറഞ്ഞു. ഔദ്യോഗിക തിരക്കുകൾ കൊണ്ട് ചടങ്ങിനെത്താൻ സാധിക്കാതിരുന്ന പൂർവവിദ്യാർഥി കൂടിയായ മന്ത്രി പി.എ. മുഹമ്മദ് റിയാസ് തന്നിലെ മതനിരപേക്ഷ ബോധത്തെ ഊട്ടിയുറപ്പിക്കാൻ ഏറെ സംഭാവന നല്കിയ കാമ്പസാണ് ഫാറൂഖാബാദെന്ന് വിഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.
പ്രസിഡന്റ് കെ.പി. അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. ഫാറൂഖ് കോളജ് പ്രിൻസിപ്പൽ ഡോ. കെ.എം. നസീർ, മുൻ പ്രിൻസിപ്പൽ ഇ.പി. ഇമ്പിച്ചിക്കോയ, കെ. കുഞ്ഞലവി, എൻ.കെ. മുഹമ്മദലി, കെ.വി. അയ്യൂബ്, വി. അഫ്സൽ, കെ.വി. സക്കീർ ഹുസൈൻ, മെഹ്റൂഫ് മണലൊടി എന്നിവരും സംസാരിച്ചു. കെ. റശീദ് ബാബു സ്വാഗതവും അശ്വനി പ്രതാപ് നന്ദിയും പറഞ്ഞു. ശേഷം ഫാറൂഖ് കോളജിൽ ഇപ്പോൾ പഠിക്കുന്ന വിദ്യാർഥികളെയും പൂർവവിദ്യാർഥികളെയും ഉൾപ്പെടുത്തിയുള്ള പാടാം നമുക്ക് പാടാം മ്യൂസിക് ഇവന്റും നടത്തി. ഇതോടൊപ്പം 18 ഭക്ഷ്യ സ്റ്റാളുകളും 30 വ്യാപാര സ്റ്റാളുകളുമുള്ള നൈറ്റ് മാർക്കറ്റും സംഘടിപ്പിച്ചു. രണ്ട് ദിവസത്തെ കൂട്ടായ്മ ബുധനാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.