ദിലീപ് കുമാറിലെ രാഷ്ട്രീയക്കാരൻ
text_fieldsഅതിദുഃഖത്തോടെയാണ് ഞാൻ യൂസുഫ്ഭായ് എന്ന് വിളിച്ച് ശീലിച്ച ദിലീപിെൻറ മരണ വാർത്ത കേട്ടത്. വിദ്യാർഥിയായിരുന്ന കാലം മുതൽക്ക് അദ്ദേഹത്തിെൻറ സിനിമകൾ കണ്ടിരുന്നു. പിന്നീട് രാഷ്ട്രീയ പ്രവർത്തനവുമായി 1960നു ശേഷം ബോംബെയിൽ (ഇപ്പോഴത്തെ മുംബൈ) എത്തിയപ്പോൾ ദിലീപ്കുമാറുമായി അടുത്ത് ഇടപഴകാനുള്ള അവസരങ്ങൾ ലഭിച്ചു.
വി.കെ. കൃഷ്ണമേനോനുവേണ്ടിയുള്ള തെരഞ്ഞെടുപ്പ് പര്യടനങ്ങൾക്കിടയിൽ ദിവസങ്ങളോളം ഞാൻ അദ്ദേഹത്തിെൻറ സഹചാരിയായിരുന്നു. രാഷ്ട്രീയത്തിൽ കോൺഗ്രസ് അനുഭാവിയായിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരുന്നതെങ്കിലും സോഷ്യലിസ്റ്റ് വീക്ഷണമുള്ള കലാകാരനും രാജ്യസ്നേഹിയുമായിരുന്നു ദിലീപ്കുമാർ. ഇത് അദ്ദേഹത്തെ ജവഹർലാൽ നെഹ്റുവിെൻറ ശിഷ്യനാക്കി മാറ്റി.
നെഹ്റു ലാഹോർ കോൺഗ്രസിൽ അധ്യക്ഷനായി പ്രത്യക്ഷപ്പെട്ടപ്പോൾ കൊച്ചുകുട്ടിയായിരുന്ന യൂസുഫ് അദ്ദേഹത്തെ കാണണമെന്ന് നിർബന്ധിച്ച് കോൺഗ്രസ് പന്തലിൽ എത്തിയിരുന്നത്രെ.
ഇന്ത്യ വിഭജനകാലത്ത് ലാഹോറിലായിരുന്ന യൂസുഫ് നെഹ്റുവിെൻറ ഇന്ത്യയിലാണ് തനിക്ക് ജീവിക്കാൻ ഇഷ്ടം എന്ന് പറഞ്ഞ് ബോംബെയിലേക്ക് താമസം മാറ്റി. അതോടെ ചലച്ചിത്രരംഗത്ത് നാം കണ്ടു ശീലിച്ച ഒരു പുതിയ ഹീറോയുടെ രൂപവും ഭാവവും ഇന്ത്യയിലെ ജനലക്ഷങ്ങൾ ആസ്വദിക്കാനും ആരാധിക്കാനും തുടങ്ങി. 30 വർഷത്തിലേറെ ദിലീപ്കുമാർ ഈ സ്ഥാനം നിലനിർത്തി.
അതോടൊപ്പം ജനജീവിതത്തെ ബാധിക്കുന്ന പല പ്രശ്നങ്ങളിലും അദ്ദേഹം താൽപര്യമെടുക്കുകയും ചെയ്തു. ഇതാണ് അദ്ദേഹത്തിന് ഇന്ത്യയിലെ ബുദ്ധിജീവികൾക്കിടയിലും ഒരു സ്ഥാനം നേടിക്കൊടുത്തത്. അദ്ദേഹത്തിെൻറ നിര്യാണം സാംസ്കാരിക ലോകത്തും പൊതുരംഗത്തും നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്.