വിവാദറോഡിൽ കരാറുകാരന്റെ മിനുക്കുപണി; എല്ലാം സഹിച്ച് ജനം
text_fieldsവളയം-കല്ലാച്ചി റോഡ് പുനർനിർമാണം നടക്കുന്നു
നാദാപുരം: വിവാദംകൊണ്ട് ശ്രദ്ധേയമായ വളയം-കല്ലാച്ചി റോഡ് നിർമാണം ആരംഭിച്ചു. കരാറുകാരനെ ഒഴിവാക്കാനുള്ള അന്ത്യശാസന അവസാനിക്കാൻ ഒരുദിവസം ബാക്കിനിൽക്കെയാണ് പൊടുന്നനെ യന്ത്രസാമഗ്രികളുമായി കരാറുകാരൻ റോഡിലെത്തിയത്.
ഗതാഗത നിയന്ത്രണ മുന്നറിയിപ്പോ നിയന്ത്രണമോ നൽകാതെ ആരംഭിച്ച പ്രവൃത്തിക്കിടെ നിരവധിതവണ യാത്രക്കാരും കരാർതൊഴിലാളികളും തമ്മിൽ വാക്കേറ്റം നടന്നു.
മൂന്ന് വർഷം മുമ്പാണ് മൂന്നരക്കോടി ഫണ്ട് അനുവദിച്ച റോഡിൽ കാസർകോട് സ്വദേശിയായ കരാറുകാരൻ നിർമാണപ്രവർത്തനം ആരംഭിച്ചത്. വീതി കൂട്ടാൻ ജനങ്ങൾ സൗജന്യമായി നൽകിയ സ്ഥലത്തുപോലും കുണ്ടും കുഴിയും പൊടിശല്യവുമായി നാട്ടുകാർ ദുരിതത്തിലായിരുന്നു.
ഇതേതുടർന്ന് ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ നാട്ടുകാരും വ്യാപാരികളും പ്രക്ഷോഭത്തിലായിരുന്നു. ഒടുവിൽ കരാറുകാരനെ ടെർമിനേറ്റ് ചെയ്യാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇത് അവസാനിക്കാനുള്ള അവസാനദിനം ശനിയാഴ്ചയായിരുന്നു.
ഇതിനിടയിലാണ് റോഡിൽ കരാറുകാരൻ മിനുക്കുപണി ആരംഭിച്ചത്. നിർമാണസമയത്ത് പാലിക്കേണ്ട ഒരു മുൻകരുതലും കരാറുകാരൻ സ്വീകരിച്ചിട്ടില്ല എന്ന ആക്ഷേപം നാട്ടുകാർ ഉന്നയിച്ചെങ്കിലും ദുരിതം തീരുമെന്ന ആശ്വാസത്തിൽ മൗനംപാലിച്ചു.
റോഡിലെ വൻ കുഴികൾ കല്ലുകളിട്ട് മൂടുകയായിരുന്നു. റോഡിന് ഇരുവശങ്ങളിലും വളർന്നുനിൽക്കുന്ന കാടുകൾ അതേപടി നിലനിർത്തിയും ടാറിങ്ങിന് മുമ്പായി ചേർക്കേണ്ട ബിറ്റുമിൻ ഇമൽഷൻ പഴയ ടാർറോഡിൽ തത്സമയം അടിച്ചുചേർക്കുകയായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

