പൊലീസ് മ്യൂസിയം അടഞ്ഞുതന്നെ
text_fieldsപൊലീസ് മ്യൂസിയം
കോഴിക്കോട്: നഗരത്തിലെ പൊലീസ് മ്യൂസിയം ഒരു കൊല്ലത്തോളമായി അടച്ചിട്ട നിലയിൽ. 2021 ജൂണില്‍ മുഖ്യമന്ത്രി ഉദ്ഘാടനംചെയ്ത മ്യൂസിയം തുറന്നു പ്രവർത്തിച്ചത് കുറച്ച് മാസങ്ങൾ മാത്രം. 2023ൽ സംസ്ഥാന സ്കൂൾ കലോത്സവം നഗരത്തിൽ നടന്നപ്പോൾ തുറന്നെങ്കിലും രണ്ടുമാസത്തിനകം വീണ്ടും പൂട്ടുകയായിരുന്നു.
സിറ്റി പൊലീസ് കമീഷണര്‍ ഓഫിസിന് പിറകിൽ പഴയ വനിത സെല്ലിൽ തുടങ്ങിയ സംസ്ഥാനത്തെ രണ്ടാമത്തെ പൊലീസ് മ്യൂസിയമാണ് അടഞ്ഞുകിടക്കുന്നത്. പൊലീസ് സേനയിലുള്ളവർക്കും പൊതുജനങ്ങള്‍ക്കും പ്രയോജനപ്രദമാവുമെന്ന പ്രതീക്ഷയിലായിരുന്നു മ്യൂസിയം തുടങ്ങിയത്. 130 വര്‍ഷം പഴക്കമുള്ള പൊലീസിന്റെ ബെല്‍റ്റും രേഖകളും മുതൽ സേനയുടെ ഓരോ ഘട്ടത്തിലെയും വേഷവും മ്യൂസിയത്തില്‍ പ്രദർശിപ്പിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.
പൊലീസിനൊപ്പം പൊതുജനങ്ങൾ കൈമാറിയ വസ്തുക്കളും മ്യൂസിയത്തിലുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് മലബാര്‍ പൊലീസിന്റെ മുഖമുദ്രയായിരുന്ന വിക്ടോറിയ രാജ്ഞിയുടെ ലോഹമുദ്ര, റോയല്‍ ക്രൗണ്‍ ബട്ടണുകളുടെ പല വര്‍ഷങ്ങളിലെ മാതൃക, ഇന്ത്യയിൽ ആദ്യ വനിത സ്റ്റേഷൻ കോഴിക്കോട് ഉദ്ഘാടനം ചെയ്തപ്പോൾ പ്രധാനമന്ത്രി ഇന്ദിരഗാന്ധി ഒപ്പുവെച്ച വിസിറ്റേഴ്സ് ഡയറി എന്നിവ പ്രദർശനത്തിനുണ്ട്.
പൊലീസിന്റെ പഴയ ട്രൗസര്‍, ചുവപ്പ് ബെൽറ്റ്, വിസില്‍, ബട്ടണുകള്‍ എന്നിവയും മ്യൂസിയത്തിലുണ്ട്. പൊടിയും ചിതലും പിടിച്ച് സാധനങ്ങൾ നശിക്കുന്ന സ്ഥിതിയാണിപ്പോൾ. കൺട്രോൾ റൂമിനാണിപ്പോൾ മ്യൂസിയത്തിന്റെ ചുമതല. ഹോം ഗാർഡുകളെ നിയമിച്ച് മ്യൂസിയം പൊതുജനങ്ങൾക്കായി തുറക്കണമെന്നും ഇല്ലെങ്കിൽ ചരിത്രവസ്തുക്കൾ ശേഖരിക്കുന്നവർ നൽകിയ സാധനങ്ങൾ തിരിച്ചു നൽകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

