വിദ്യാർഥികൾക്ക് കാവലായി പൊലീസ്
text_fieldsകോഴിക്കോട്: വിദ്യാർഥികൾക്ക് വഴിനീളെ സുരക്ഷയുറപ്പാക്കാൻ സിറ്റി പൊലീസിന്റെ ഇരുപതംഗ ‘സ്റ്റുഡന്റ് പ്രൊട്ടക്ഷൻ ഫോഴ്സ്’. രാവിലെയും വൈകീട്ടും സ്കൂൾ, കോളജ് പരിസരം, നഗരത്തിലെ ബസ് സ്റ്റാൻഡുകൾ, മാനാഞ്ചിറയടക്കം വിദ്യാർഥികൾ കൂടുതലെത്തുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം മഫ്തിയിലുള്ള സേനയുടെ കാവലുണ്ടാകും.
സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണയുടെ നിർദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.ഇ. ബൈജുവിന്റെ മേൽനോട്ടത്തിലാണ് നിഴൽസേനയുടെ പ്രവർത്തനം. വിദ്യാർഥിസമൂഹത്തിലേക്കും വിദ്യാഭ്യസ സ്ഥാപനങ്ങളിലേക്കുമുള്ള ലഹരിസംഘങ്ങളുടെ കടന്നുകയറ്റമുൾപ്പെടെ അമർച്ചചെയ്യുകയാണ് സേനയുടെ ലക്ഷ്യം.
വിദ്യാർഥികളിൽനിന്ന് ലഹരി കണ്ടെത്തിയാൽ രക്ഷിതാക്കളെ വിളിച്ചുവരുത്തി താക്കീതുനൽകി വിട്ടയക്കുന്നത് നിർത്തി ലഹരി കൈമാറിയവരെ കണ്ടെത്തി ഇവർക്കെതിരെ ബാലനീതി നിയമപ്രകാരം നടപടി സ്വീകരിക്കാൻ സിറ്റി പൊലീസ് മേധാവി എല്ലാ സ്റ്റേഷൻ ഹൗസ് ഓഫിസർമാരോടും നിർദേശിച്ചിട്ടുണ്ട്. ഇത്തരത്തിലൊരു കേസിൽ ഒരാൾ ഇതിനകം റിമാൻഡിലാവുകയും ചെയ്തു.
വിദ്യാർഥികളെ കയറ്റാത്ത ബസുകൾക്കെതിരെയും നടപടിയുണ്ടാകും. ഇതിനായി മൊഫ്യൂസിൽ, പാളയം ബസ് സ്റ്റാൻഡുകളിലും മാനാഞ്ചിറ, മലബാർ ക്രിസ്ത്യൻ കോളജ്, മെഡിക്കൽ കോളജ് എന്നീ ഭാഗങ്ങളിലും വൈകീട്ട് പൊലീസ് പരിശോധനയുണ്ടാകും.
സ്കൂൾ വാഹനങ്ങളും പൊലീസ് നിരീക്ഷിക്കും. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നൂറുമീറ്റർ ചുറ്റളവ് സുരക്ഷിതമേഖലയായി കണ്ട് അവിടെ അനാവശ്യമായി വാഹനങ്ങൾ വന്നുപോകുന്നതും അപരിചിതരായ ആളുകൾ സ്ഥിരമായി എത്തുന്നതും പുകയില ഉൽപന്നങ്ങളുടെ വിപണനവുമെല്ലാം കർശനമായി തടയും.
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ പൊലീസ് ഓഫിസർ, എച്ച്.എം, പി.ടി.എ പ്രസിഡന്റ്, എക്സൈസ് ഓഫിസർ, പ്രദേശത്തെ സന്നദ്ധ സംഘടനകൾ, പൊതുപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി വിപുലീകരിച്ച് ശക്തിപ്പെടുത്തും. ജാഗ്രതാസമിതികൾ പൊലീസ് സാന്നിധ്യത്തിൽ രണ്ടു മാസത്തിലൊരിക്കലെങ്കിലും യോഗംചേരും.
വിദ്യാർഥികളിൽ ലഹരിവിരുദ്ധ ബോധവത്കരണം ശക്തമാക്കുന്നതോടൊപ്പം കുട്ടികൾക്ക് മാനസിക സംഘർഷമുണ്ടായാൽ പൊലീസിനെ നേരിട്ട് ബന്ധപ്പെടാവുന്ന ‘ചിരി’ പദ്ധതിയുടെ
949790020 നമ്പറും ലഹരിയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാനുള്ള ‘യോദ്ധാവ്’ പദ്ധതിയുടെ 9995966666 നമ്പറും ഉൾപ്പെടെ സ്കൂളുകളിൽ പ്രദർശിപ്പിക്കും. പ്രായപൂർത്തിയാവാത്തവർ വാഹനവുമായി എത്തുന്നതടക്കം സംശയകരമായ സംഭവങ്ങളെല്ലാം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ അറിയിക്കാൻ അധ്യാപകരോടും നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

