പോക്സോ കേസ്; എ.ഇ.ഒക്കും അധ്യാപകർക്കുമെതിരെ നടപടിയെടുക്കാൻ ഉത്തരവ്
text_fieldsനാദാപുരം: രണ്ടുവർഷം മുമ്പ് നടന്നതായി പറയപ്പെടുന്ന പോക്സോ കേസിൽ എ.ഇ.ഒ, പ്രധാനാധ്യാപകൻ, അധ്യാപകൻ എന്നിവർക്കെതിരെ നടപടിയെടുക്കാൻ സ്കൂൾ മാനേജർ നൽകിയ പരാതിയിൽ പോക്സോ കോടതി ഉത്തരവ്. നാദാപുരം എ.ഇ.ഒ, ചിയ്യൂർ എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ, ആരോപണവിധേയനായ അധ്യാപകൻ എന്നിവർക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് ഉത്തരവ്.
2023 ഏപ്രിൽ 24ന് ആണ് സംഭവം നടക്കുന്നത്. അഞ്ചാം ക്ലാസുകാരിയോട് സ്കൂളിലെ അധ്യാപകൻ ലൈംഗിക അതിക്രമം കാണിച്ചുവെന്നാണ് പരാതി. ജൂണിൽ സ്കൂൾ ഓഫിസിലെ സി.സി.ടി.വി പരിശോധിച്ച സ്കൂൾ മാനേജറാണ് ഈ അതിക്രമം കാണുന്നത്. പ്രധാനാധ്യാപികയോട് നടപടിയെടുക്കാൻ പറഞ്ഞെങ്കിലും പരാതി ഒത്തുതീർത്തെന്നായിരുന്നു മറുപടി.
നാദാപുരം എ.ഇ.ഒ, നാദാപുരം കോടതി, ഡി.ജി.പി, വിജിലൻസ് വിഭാഗം, വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്ക് തെളിവ് സഹിതം പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് മാനേജർ പറഞ്ഞു. ഇതേതുടർന്ന് മാനേജർ കോഴിക്കോട് ഫാസ്റ്റ് ട്രാക്ക് കോടതിയിൽ വിഡിയോ സഹിതം വീണ്ടും നിർബന്ധിത ഹരജി നൽകുകയായിരുന്നു.
ഹരജി പരിശോധിച്ച കോടതിയാണ് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ ഉത്തരവിട്ടത്. പോക്സോ വകുപ്പുകൾ രാഷ്ട്രീയസ്വാധീനത്തിന് വഴങ്ങി ഇല്ലാതാക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കുള്ള മുന്നറിയിപ്പാണ് കോടതി വിധിയെന്നും ഇത് കേരളത്തിലെ മുഴുവൻ പോക്സോ ഇരകൾക്കും ശക്തിപകരുന്നതാണെന്നും മാനേജർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

