പോക്സോ കേസിൽ 16 വർഷം കഠിനതടവും പിഴയും
text_fieldsനാദാപുരം: ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 16 വർഷവും ഒരു മാസവും കഠിനതടവിനും 35,000 രൂപ പിഴയൊടുക്കാനും പോക്സോ കോടതി ശിക്ഷ വിധിച്ചു. കുറിഞ്ഞാലിയോട് സ്വദേശി പൊക്കിട്ടാറി മീത്തൽ രതീഷ് (37) നെയാണ് നാദാപുരം പോക്സോ കോടതി ജഡ്ജ് ദേവൻ കെ. മേനോൻ ശിക്ഷിച്ചത്.
2024 ഡിസംബർ 30നാണ് സംഭവം. ഏറാമല പഞ്ചായത്തിലെ കുറിഞ്ഞാലിയോട് സ്കൂളിലേക്ക് ഇടവഴിയിലൂടെ നടന്നുപോകുകയായിരുന്ന ഒമ്പത് വയസ്സുള്ള കുട്ടിയെ സമീപത്തെ കല്ലുവെട്ടുകുഴിയിലേക്ക് കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പിറ്റേദിവസം ഇത് പറഞ്ഞ് ഭീഷണിപ്പെടുത്തിയ പ്രതി ഒറ്റക്ക് താമസിച്ചുവന്ന വീട്ടിൽ കൂട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തുകയും ചെയ്തു. സംഭവത്തെ സംബന്ധിച്ച് എടച്ചേരി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എടച്ചേരി പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. സബ് ഇൻസ്പെക്ടർ കെ. രാജേഷ്, എ.എസ്.ഐ ഷീന എന്നിവരാണ് കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 11സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.

