പ്ലസ് വൺ പുതിയ ബാച്ച്: ജില്ലയിൽ സർക്കാർ സ്കൂളുകളെ പൂർണമായി അവഗണിച്ചു
text_fieldsകുറ്റ്യാടി: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി പുതിയ ബാച്ചുകൾ അനുവദിച്ചപ്പോൾ ജില്ലയിലെ സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളെ പൂർണമായി അവഗണിച്ചു. 20 സ്കൂളുകൾക്ക് ബാച്ച് അനുവദിച്ചതിൽ മുഴുവനും എയ്ഡഡ് സ്ഥാപനങ്ങൾക്കാണ് നൽകിയിരിക്കുന്നത്. വടകര താലൂക്കിൽ ഏറ്റവും കൂടുതൽ കുട്ടികൾ അഡ്മിഷൻ നേടുന്ന കുറ്റ്യാടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ പുതിയ ബാച്ച് അനുവദിക്കുന്നതിൽ ആദ്യം പട്ടികയിൽ ഒന്നാമതായി ഉണ്ടായിരുന്നതാണത്രെ. പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഇല്ലാതായി. കുന്നുമ്മൽ ഉപജില്ലയിൽ ആകെ രണ്ട് സർക്കാർ ഹൈസ്കൂളുകളിൽ കുറ്റ്യാടിയിൽ മാത്രമാണ് ഹയർ സെക്കൻഡറിയുള്ളത്. നിലവിൽ എട്ടു ബാച്ചുകൾ കുറ്റ്യാടിയിൽ ഉണ്ട്. രണ്ട് ബാച്ചുകൾ കൂടി ലഭിച്ചാൽ പോലും സീറ്റുകൾ മതിയാവില്ല.
ഭാവിയിൽ ഒരു ബാച്ചിൽ 40 കുട്ടികൾ എന്ന സ്ഥിതി വരണം. ഇപ്പോൾ 65 കുട്ടികളെ കുത്തിനിറച്ചാണ് ക്ലാസുകൾ നടത്തുന്നത്. അപ്പോൾ ബാച്ചുകൾ വീണ്ടും ആവശ്യം വരും. കമ്പ്യൂട്ടർ സയൻസുള്ള സയൻസ് ബാച്ച് വേണമെന്ന ആവശ്യം ശക്തമാണ്. നിലവിലുള്ളത് ബയോളജി ഉള്ള സയൻസ് ബാച്ചുകളാണ്. 650 കുട്ടികൾ ഹൈസ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി പൂർത്തിയാക്കുന്നുണ്ട്. നിലവിൽ പ്ലസ് വണ്ണിന് ഔദ്യോഗികമായി 400 സീറ്റുകളും മാർജിനൽ ഇൻക്രീസിലുള്ള 120 സീറ്റുകളുമാണ് ഉള്ളത്.
പൊതുവിദ്യാഭ്യാസത്തിന്റെ നട്ടെല്ലായ സർക്കാർ സ്കൂളുകളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും, അധ്യാപകരും, വിദ്യാർഥികളും ഉണ്ടായിരിക്കെ അവയെ അവഗണിച്ചത് നീതീകരിക്കാനാവില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നു. പ്രവേശന ആവശ്യകതയും പ്രാദേശിക ആവശ്യവും സർക്കാർ സ്കൂളുകളുടെ ശേഷിയും ശാസ്ത്രീയമായി വിലയിരുത്താതെ എടുത്ത തീരുമാനം പൊതുവിദ്യാഭ്യാസ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നാണ് ആക്ഷേപം.ഈ നടപടി എയ്ഡഡ് മാനേജ്മെന്റുകളുടെ സമ്മർദത്തിനും താൽപര്യങ്ങൾക്കും വഴങ്ങിയതാണെന്ന വ്യാപകമായ പരാതി ഉയർന്നിട്ടുണ്ട്. സർക്കാർ മേഖലയെ ശക്തിപ്പെടുത്തേണ്ട സർക്കാർ തന്നെ, സ്വന്തം സ്കൂളുകളെ പിന്നിലാക്കുന്ന സമീപനം സ്വീകരിക്കുന്നത് ആശങ്കാജനകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

