പ്ലാസ്റ്റിക് ചാക്കുകൾ വിപണി കീഴടക്കി ചണച്ചാക്ക് വ്യാപാരികൾ ആശങ്കയിൽ
text_fieldsകാരക്കുന്നത്തെ റേഷൻകടയിൽനിന്ന് ചാക്ക് ശേഖരിക്കുന്ന
മടവൂർ ഉസ്സയിൻ
നന്മണ്ട: പ്ലാസ്റ്റിക് ചാക്കുകൾ വിപണി പൂർണമായും കൈയടക്കിയതോടെ ചണച്ചാക്ക് വ്യാപാരികളുടെ ജീവിതം ഇരുളടയുന്നു. പലചരക്ക് കടകളിൽനിന്നും റേഷൻ കടകളിൽ നിന്നും ചാക്ക് വിലക്കെടുത്ത് ഉപജീവനം നടത്തുന്ന വ്യാപാരികളുടെ ജീവിതമാണ് വഴിമുട്ടുന്നത്. നാലര പതിറ്റാണ്ടായി നാട്ടിൽനിന്നും പട്ടണത്തിൽനിന്നും ചണച്ചാക്ക് ശേഖരിക്കുന്ന മടവൂർ സി.എം. മഖാമിനടുത്ത ഉസ്സയിന് പറയാനുള്ളത് പ്ലാസ്റ്റിക് ചാക്കുകളുടെ കടന്നുവരവിനെക്കുറിച്ചാണ്.
പ്ലാസ്റ്റിക് ഉപയോഗം കുറക്കണമെന്ന് പറയുമ്പോഴും ഓരോ ദിവസവും ഭക്ഷ്യവസ്തുക്കൾ വരുന്നതുതന്നെ പ്ലാസ്റ്റിക് ചാക്കിൽ തന്നെയെന്നാണ് ഉസ്സയിന്റെ പരിഭവം. പലചരക്ക് കടകൾ വഴിമാറിയതോടെ റേഷൻ കടകളായിരുന്നു ഇവർക്ക് ശരണം. നേരേത്ത അരിയുടെ അളവ് കൂടിയതിനാൽ ചാക്കുകളുടെ എണ്ണവും കൂടിയിരുന്നു. ഇപ്പോൾ എ.പി.എൽ വിഭാഗത്തിൽപ്പെട്ടവരുടെ അരിയുടെ അളവും കുറച്ചു. പ്രധാനമന്ത്രിയുടെ പി.എം.ജി.കെ.എ.വൈ ഇനത്തിൽ വന്നിരുന്ന അരിയുടെ വരവും നിലച്ചു. ഇതോടെ റേഷൻ കടകളിൽ ചണച്ചാക്കുകളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. ചാക്കെടുക്കാൻ വരുന്ന വ്യാപാരികളെപോലെ റേഷൻ നടത്തിപ്പുകാർക്കും ഒരു ഗുണവും കിട്ടാത്ത അവസ്ഥയായി മാറി. അവർക്കും വല്ലതും കിട്ടിയിരുന്നത് റേഷൻ കടകളിലെ ചാക്ക് വിൽക്കുമ്പോഴായിരുന്നു.
കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നായിരുന്നു ഉസ്സയിന്റെ ചാക്ക് ശേഖരണം. ഇപ്പോൾ അത് കോഴിക്കോട് ജില്ലയിലെ ചുരുക്കം പ്രദേശങ്ങളിലേക്ക് ചുരുങ്ങി. നേരത്തേ ലോറിയിൽ ലോഡുമായി കോഴിക്കോട് നഗരത്തിലേക്ക് പോയിരുന്നുവെങ്കിൽ ഇപ്പോൾ ഗുഡ്സ് വണ്ടിയിൽ ഒതുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

