അപായസൂചനയായി റോഡിലെ കുഴിയിൽ നട്ട വാഴ കുലച്ചു
text_fieldsകുന്ദമംഗലം: മലയമ്മ-ഓമശ്ശേരി റോഡിൽ അപകട സാധ്യത കണക്കിലെടുത്ത് അപായസൂചനയായി നട്ട വാഴ കുലച്ചു. നിരവധി വാഹനങ്ങളും വിദ്യാർഥികൾ നടന്നു പോകുന്ന മലയമ്മ എ.യു.പി സ്കൂളിനും ജുമുഅ മസ്ജിദിനും ഇടയിലുള്ള മങ്ങാട്ടുകുളങ്ങര ക്ഷേത്രത്തിന്റെ തൊട്ടടുത്തുള്ള ഓവ് പാലത്തിൽ മാസങ്ങൾക്ക് മുമ്പ് വലിയ ഗർത്തം രൂപപ്പെട്ടിരുന്നു.
കാലപ്പഴക്കം കാരണം പാലത്തിനോട് ചേർന്നുള്ള മതിൽക്കെട്ടിൽ വിള്ളൽ സംഭവിച്ചതിനാലാണ് റോഡിൽ ഗർത്തം രൂപപ്പെട്ടത്. ആളുകൾ കുഴിയിൽ വീഴാതിരിക്കാൻ അപായസൂചയായി മാസങ്ങൾക്ക് മുമ്പ് യു.ഡി.എഫ് പ്രവർത്തകർ നട്ട വാഴയാണ് കുലച്ചത്.
റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി നിരവധിയായ സമരങ്ങൾ യുവജന സംഘടനകളുടെ നേതൃത്വത്തിലും മലയമ്മ കമാന്റേയ്സ് ക്ലബിന്റെ നേതൃത്വത്തിൽ കുന്ദമംഗലം എം.എൽ.എ പി.ടി.എ. റഹീമിനും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനും നിവേദനവും പരാതികളും നൽകിയിരുന്നു. അടുത്ത ദിവസം തന്നെ കുഴിയിൽ കുലച്ച വാഴ വെട്ടി പി.ഡബ്ല്യു.ഡി ഓഫിസിൽ കാണിക്ക വെക്കാൻ കൊണ്ടുപോയി നൽകുമെന്ന് മലയമ്മ യൂനിറ്റ് യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

