പി.ജി, ഹൗസ് സർജൻ സമരം; സർക്കാർ ആശുപത്രികളിൽ രോഗികൾ വലഞ്ഞു
text_fieldsപി.ജി, ഹൗസ് സർജൻ പണിമുടക്കിനെത്തുടർന്ന് ബുധനാഴ്ച
കോഴിക്കോട് ബീച്ച് ആശുപത്രിൽ അനുഭവപ്പെട്ട തിരക്ക്
കോഴിക്കോട്: മെഡിക്കൽ, ഡെന്റൽ പി.ജി വിദ്യാർഥികളുടെയും ഹൗസ് സർജൻമാരുടെയും സമരത്തിൽ ജില്ലയിലെ സർക്കാർ ആശുപത്രികളിലെത്തിയ രോഗികൾ വലഞ്ഞു. സാധാരണയിൽനിന്ന് വ്യത്യസ്തമായി അത്യാഹിത വിഭാഗത്തിലും ഇത്തവണ ഡോക്ടർമാർ പണിമുടക്കി. ജില്ലയിൽ സമരം പൂർണമായിരുന്നു.
മെഡിക്കൽ പി.ജി അസോസിയേഷൻ, ഡെന്റൽ പി.ജി അസോസിയേഷൻ, മെഡിക്കൽ ഹൗസ് സർജൻ അസോസിയേഷൻ, ഡെന്റൽ ഹൗസ് സർജൻ അസോസിയേഷൻ എന്നിവയുടെ ജോയന്റ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പണിമുടക്ക്. ബുധനാഴ്ച രാവിലെ എട്ടിന് ആരംഭിച്ച സമരം വ്യാഴാഴ്ച രാവിലെ എട്ടുവരെ നീളും.
സെപ്റ്റംബർ 29ന് നടത്തിയ സൂചനാ പണിമുടക്കിൽ ഉന്നയിച്ച കാര്യങ്ങളിൽ സർക്കാറിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് സമരം. പി.ജി ഡോക്ടർമാർ ഇല്ലാത്തതുകാരണം ഒ.പിയിൽ നല്ല തിരക്ക് അനുഭവപ്പെട്ടു. ദീർഘനേരം കാത്തിരുന്നതിനുശേഷമാണ് പലർക്കും ചികിത്സ ലഭിച്ചത്. മുൻകൂട്ടി അറിയിച്ച സമരമായിരുന്നതിനാൽ രോഗികൾ കുറഞ്ഞതിനാലാണ് സ്ഥിതി രൂക്ഷമാകാതിരുന്നത്.
പി.ജി, ഹൗസ് സർജൻമാരായി ആയിരത്തോളം പേരാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ സമരത്തിൽ പങ്കെടുത്തത്. സമരം മുൻകൂട്ടിക്കണ്ട് കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസം പ്രിൻസിപ്പലിന്റെ ചേംബറിൽ യോഗംചേർന്ന് ഡോക്ടർമാരുടെ ഡ്യൂട്ടി ക്രമീകരണം വരുത്തിയിരുന്നു.
ഡോക്ടർമാരുടെ അത്യാവശ്യമല്ലാത്ത ലീവുകൾ അടക്കം മാറ്റി ക്രമീകരണം നടത്തിയതിനാൽ മെഡിക്കൽ കോളജിൽ പ്രയാസം കുറഞ്ഞു. മെഡിക്കൽ കോളജ് ആശുപത്രിയിൽ 2200, ചെസ്റ്റ് ആശുപത്രിയിൽ 200, ഐ.എം.സി.എച്ച് 650 എന്നീ തോതിലാണ് ബുധനാഴ്ച ചികിത്സ തേടിയെത്തിയത്. എന്നാൽ, ബീച്ച് ആശുപത്രിയിലെത്തിയ രോഗികൾ തിരക്കു കാരണം ഏറെ വലഞ്ഞു.
പി.ജി, ഹൗസ് സർജൻ വിഭാഗങ്ങളുടെ സ്റ്റെപന്റ് വർധിപ്പിക്കുക, സീനിയർ റസിഡൻസി സീറ്റുകൾ കൂട്ടുക, തങ്ങളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിന് സമിതിയെ നിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സമരത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളജിൽ വിദ്യാർഥികൾ പ്രിൻസിപ്പൽ ഓഫിസ്, അത്യാഹിത വിഭാഗം, ഡെന്റൽ കോളജ് എന്നിവിടങ്ങളിലേക്ക് മാർച്ചും ധർണയും നടത്തി.
മെഡിക്കൽ കോളജിലെ സമരത്തിന് മെഡിക്കൽ പി.ജി അസോസിയേഷൻ പ്രസിഡന്റ് ഡോ. ആർ. വിഷ്ണുജിത്, ഡെന്റൽ പി.ജി അസോസിയേഷൻ പ്രസിഡന്റ് ഡോ. ഷൈമ, മെഡിക്കൽ ഹൗസ് സർജൻസ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ഷാഹിദ് ബില്ല, ഡെന്റൽ ഹൗസ് സർജൻസ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ഷഫീഖ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

