കൂളിമാട്: ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ കൃഷിയിടങ്ങളിൽ നിരന്തരം കൃഷിനാശം വരുത്തുന്ന ശല്യക്കാരായ കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ചുകൊല്ലുന്നതിന് അനുമതി നൽകി. കോഴിക്കോട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ എം. രാജീവനാണ് ചൊവ്വാഴ്ച ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
വെള്ളലശ്ശേരി, നായർക്കുഴി, നെച്ചൂളി, ചിറ്റാരിലാക്കൽ, അരയങ്കോട് ഭാഗങ്ങളിൽ കാട്ടുപന്നി കൃഷി നശിപ്പിക്കുന്നത് വ്യാപകമായതിനെതുടർന്ന് നാട്ടുകാരും കർഷകരും സംഘടിക്കുകയും സമിതികൾ രൂപവത്കരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയും ചെയ്തിരുന്നു. അധികൃതർക്ക് പരാതിയും നിവേദനവും നൽകുകയും ചെയ്തു. തുടർന്ന് താമരശ്ശേരി റേഞ്ച് ഓഫിസർ തോക്ക് ലൈസൻസുള്ളവരുടെ ലിസ്റ്റ് സമർപ്പിച്ചിരുന്നു. തോക്ക് ലൈസൻസുള്ള മൂന്നുപേരുടെ ഈ ലിസ്റ്റിന് ഉത്തരവിൽ അംഗീകാരം നൽകിയിട്ടുണ്ട്.