കാർ പോർച്ച് തകർക്കുന്നതിനിടെ കമ്പി തുളച്ചുകയറി കാട്ടാന ചെരിഞ്ഞു
text_fieldsപയ്യാനിക്കോട്ടയിൽ അപകടത്തിൽ ചെരിഞ്ഞ ആന
പേരാമ്പ്ര : പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ചാഫിസിനു കീഴിലുള്ള പയ്യാനിക്കോട്ടയിൽ കാട്ടാന അപകടത്തിൽപെട്ട് ചെരിഞ്ഞു. വിഷുദിനത്തിൽ പുലർച്ചെ രണ്ടു മണിയോടുകൂടി ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ ഫോറസ്റ്റ് വാച്ചർമാർ തുരത്താൻ നോക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.
രാത്രി 12. 30 ഓടെ പയ്യാനിക്കോട്ട കിഴക്കേ ഇല്ല പറമ്പത്ത് മോഹനന്റെ വീട്ടുവളപ്പിലെത്തിയ കാട്ടാനക്കൂട്ടത്തെ വനപാലകരും നാട്ടുകാരും ചേർന്ന് പടക്കം പൊട്ടിച്ച് തുരത്തി. ഇതിനിടയിൽ കൊമ്പനാന അലറുകയും ഏകദേശം 300 മീറ്റർ അകലെയുണ്ടായിരുന്ന പിടിയാന ഫോറസ്റ്റ് വാച്ചർമാരെ ലക്ഷ്യമാക്കി ഓടിയെത്തുകയുമായിരുന്നു.
ഫോറസ്റ്റ് ഉദ്യോഗസ്ഥർ സമീപമുള്ള മോഹനന്റെ വീട്ടിൽ അഭയംതേടി.തുടർന്ന് ആന രണ്ടുവട്ടം വീട് വലം വെക്കുകയും അവിടുത്തെ കാർപോർച്ച് തകർക്കുകയും ചെയ്തു. പൊട്ടിയ ജി.ഐ പൈപ്പ് ആനയുടെ കഴുത്തിൽ തുളച്ചു കയറുകയും രക്തം വാർന്നൊഴുകി ആന ചരിയുകയുമായിരുന്നു. വനമേഖലയിൽ നിന്ന് ഈ പ്രദേശത്ത് കാട്ടാനക്കൂട്ടമിറങ്ങുന്നത് നിത്യസംഭവമാണ്. ചക്ക പാകമായതോടെ അത് ഭക്ഷിക്കാനാണ് പ്രധാനമായും ആനകളെത്തുന്നത്. ചരിഞ്ഞ ആനയെ പോസ്റ്റ്മോർട്ടത്തിനു ശേഷം പയ്യാനിക്കോട്ട വനമേഖലയിൽ സംസ്കരിച്ചു. നിലമ്പൂർ ഫോറസ്റ്റ് അസിസ്റ്റൻറ് സർജൻ ഡോ: എസ്. ശ്യാം,കാവിലുംപാറ മൃഗാശുപത്രി മെഡിക്കൽ ഓഫിസർ ഡോ . പി. കെ. സന്തോഷ് എന്നിവർ പോസ്റ്റുമോർട്ടം നടത്തി.
ഡി.എഫ്.ഒ എം. ജോഷിൽ, പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസർ എ. സി. സുധീന്ദ്രൻ, സ്റ്റേഷൻ ഡെപ്യൂട്ടി ഓഫിസർ എസ്. എൻ. രാജേഷ് എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി. മോഹനന് നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് ഫോറസ്റ്റ് അധികൃതർ മാധ്യമത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

