പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എല്ലുരോഗ വിദഗ്ധനും എക്സ്റേയുമില്ല
text_fieldsപേരാമ്പ്ര: താലൂക്ക് ആശുപത്രിയിൽ എല്ലുരോഗ വിദഗ്ധനും എക്സ്റേ സൗകര്യവും ഇല്ലാതായി മാസങ്ങൾ കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത അധികൃതരുടെ നടപടിക്കെതിരെ യൂത്ത് ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഈ ആതുരാലയത്തെ താലൂക്ക് ആശുപത്രിയായി ഉയർത്തി വർഷങ്ങളായെങ്കിലും സൗകര്യം ഒരുക്കാൻ സർക്കാർ തയാറായിട്ടില്ല. എല്ലുരോഗ വിദഗ്ധൻ സ്ഥലംമാറി പോയതോടെ പകരം ഡോക്ടർ വന്നില്ല.
എക്സ്റേ യന്ത്രം കേടായി മാസങ്ങളായിട്ടും നന്നാക്കാനുള്ള നടപടി സ്വീകരിച്ചില്ലെന്നും യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി. താലൂക്ക് ആശുപത്രിയിൽ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ തയാറാവാത്തത് സ്വകാര്യ ആശുപത്രിയെ സഹായിക്കുന്നതിന് വേണ്ടിയാണെന്ന് ലീഗ് ആരോപിച്ചു.
എത്രയും പെട്ടെന്ന് ഓർത്തോ ഡോക്ടറെ നിയമിക്കുകയും എക്സ്റേ മെഷീൻ സ്ഥാപിക്കുകയും ചെയ്യണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ആർ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം.പി. സിറാജ്, സി.കെ. ഹാഫിസ്, ആർ.എം. നിഷാദ്, നിയാസ് കക്കാട്, പി. ഷെക്കീർ, അർഷാദ് എടവരട്, അമീർ വല്ലാറ്റ, ഷംസുദ്ദീൻ മരുതേരി, ആഷിക് അലി കല്ലോട് സംസാരിച്ചു.