അതിജീവനത്തിെൻറ മറ്റൊരു പേര് നൗജിഷ
text_fieldsപേരാമ്പ്ര: അതിജീവനത്തിെൻറ പെൺകരുത്താണ് കേരള പൊലീസിലെ നൗജിഷ. വിവാഹമോചനം, വീട്ടിലെ പ്രാരബ്ധം എന്നിവയെല്ലാം തരണം ചെയ്താണ് പൊലീസ് സേനയുടെ ഭാഗമാകുന്നത്. ഗാര്‍ഹിക പീഡനത്തെ അതിജീവിച്ച് പൊലീസി െൻറ ഭാഗമായി മാറിയ ആ പോരാട്ടത്തിനുള്ള അംഗീകാരമാണ് നൗജിഷയെ ഡൊമസ്റ്റിക് കോണ്‍ഫ്ലിക്ട് റെസലൂഷന്‍ സെൻറര്‍ (ഡി.സി.ആര്.സി) മസ്കോട്ടായി പ്രഖ്യാപിച്ചതിലൂടെ. പന്തിരിക്കര സ്വദേശിയായ നൗജിഷയെ പിതാവ് ഏറെ കഷ്ടപ്പെട്ടാണ് വളർത്തിയത്. എം.സി.എ വരെ പഠിപ്പിച്ചു. വളരെയേറെ പ്രതീക്ഷയോടെ വിവാഹം കഴിപ്പിച്ചയക്കുകയും ചെയ്തു.
എന്നാല്‍, ദുരിതം നിറഞ്ഞതായിരുന്നു ദാമ്പത്യം. ശാരീരികവും മാനസികവുമായി നിരന്തരം പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നപ്പോൾ ഒന്നര വയസ്സുള്ള മകനെയും എടുത്ത് അവൾ ഭർതൃവീട്ടിൽനിന്ന് പടിയിറങ്ങി. കുടുംബ കോടതി കയറിയിറങ്ങുമ്പോഴും പുസ്തകം താഴെവെച്ചില്ല. രാപ്പകൽ ഭേദമില്ലാത്ത പഠനത്തിലൂടെ അവൾ വനിത കോൺസ്റ്റബ്ൾ പി.എസ്.സി പരീക്ഷയിൽ 141ാം റാങ്ക് നേടി. വേറെയും രണ്ട് റാങ്ക് ലിസ്റ്റിൽ സ്ഥാനംപിടിച്ചു. ഒരു മാസമായി വനിത പൊലീസ് പരിശീലനത്തിലാണ് ഈ മിടുക്കി. വീട്ടുകാർ നൽകിയ വലിയ പിന്തുണയാണ് നൗജിഷയെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാക്കിയത്. പേരാമ്പ്രയിലെ ടോപേഴ്സ് പി.എസ്.സി കോച്ചിങ് സെൻറർ നൗജിഷയുടെ അവസ്ഥ മനസ്സിലാക്കിയപ്പോൾ സൗജന്യമായി പരിശീലനം നൽകി. എല്ലാ പെണ്‍കുട്ടികള്‍ക്കും വീട്ടിൽനിന്ന് നല്ല പിന്തുണ ലഭിച്ചിരുന്നെങ്കില്‍ ഒരു പരിധിവരെ എല്ലാ പ്രശ്നങ്ങളെയും അതിജീവിക്കാന്‍ അവര്‍ക്ക് കഴിയുമെന്നാണ് നൗജിഷയുടെ പക്ഷം.