ബി.ജെ.പി യോഗം ആർ.എസ്.എസ് കൈയേറി; നേതാക്കൾക്ക് പരിക്ക്
text_fieldsപേരാമ്പ്രയിൽ ബി.ജെ.പി യോഗത്തിലുണ്ടായ സംഘർഷം
പേരാമ്പ്ര: ബി.ജെ.പി നിയോജക മണ്ഡലം ബൂത്ത് ഭാരവാഹികളുടെ യോഗത്തിൽ കയറി ആർ.എസ്.എസ് പ്രവർത്തകരുടെ അക്രമം. ബി.ജെ.പി മണ്ഡലം ഭാരവാഹികളായ ശ്രീധരൻ മുതുവണ്ണാച്ച, ശ്രീജിത്ത് എന്നിവർക്ക് പരിക്കേറ്റു. ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി എം. മോഹനൻ, മണ്ഡലം പ്രസിഡന്റ് കെ.കെ. രജീഷ്
എന്നിവരുൾപ്പെടെ 40 പേർ പങ്കെടുത്ത യോഗത്തിലേക്ക് അതിക്രമിച്ച് കയറിയാണ് ആർ.എസ്.എസ് സംഘം അക്രമം നടത്തിയത്. ചൊവ്വാഴ്ച പേരാമ്പ്ര ആര്യ ടൂറിസ്റ്റ് ഹോമിലായിരുന്നു യോഗം. കല്ലോട്
മൂരികുത്തിയിൽ പെട്രോൾ പമ്പ് തുടങ്ങാൻ ഉടമയോട് മണ്ഡലം നേതാക്കൾ കൈക്കൂലി വാങ്ങി എന്നാരോപിച്ചാണ് ആർ.എസ്.എസുകാർ യോഗം കൈയേറിയത്. ബി.ജെ.പി നേതാക്കൾ ഭീഷണിപ്പെടുത്തി 11,0000 രൂപ വാങ്ങിയതായും അതിനുശേഷം 1.5 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടെന്നുമുളള പമ്പ് ഉടമയുടെ ശബ്ദ സന്ദേശം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
പമ്പ് ഉടമയും സംഘ്പരിവാറുമായി ബന്ധമുള്ളയാളാണ്. പമ്പിൽ ജോലിക്ക് എട്ട് ബി.ജെ.പി പ്രവർത്തകരെ നിർത്തണമെന്നും ആവശ്യപ്പെട്ടതായി ഉടമയുടെ ശബ്ദ സന്ദേശത്തിൽ ഉണ്ട്. സാമൂഹ്യ വിരുദ്ധരാണ് യോഗം കൈയേറിയതെന്ന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.കെ. രജീഷ് ആരോപിച്ചു. കൈക്കൂലി വിവാദം പേരാമ്പ്ര ബി.ജെ.പിയിൽ വലിയ പൊട്ടിത്തെറിയാണുണ്ടാക്കുന്നത്.

