കോൺവെൻറിൽ അതിക്രമം നടത്തിയതായി പരാതി
text_fieldsപേരാമ്പ്ര: രാത്രിയിൽ ചെമ്പനോട എം.എസ്.എം.ഐ നിർമല ഭവൻ കോൺവെൻറിൽ മൂന്നംഗ സംഘം അതിക്രമം നടത്തിയതായി പരാതി.
മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലയാട് രാഘവത്തിൽ രതീഷ് (29), കക്കയം മുപ്പതാം മൈലിൽ മുണ്ടക്കൽ പറമ്പത്ത് ബിനീഷ് (30) തലയാട് തത്തേടത്ത് അരുൺ (28) എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ചൊവ്വാഴ്ച രാത്രി 9.40 ഓടെയാണു സംഭവം. തുടരെ കോളിങ് ബെല്ലടിക്കുന്നതു കേട്ട് ഓടിയെത്തിയ കന്യാസ്ത്രീകൾ ജനലിലൂടെ നോക്കിയപ്പോൾ മൂന്ന് യുവാക്കൾ പുറത്തു നിൽക്കുന്നതു കണ്ടു. തങ്ങൾക്കു കൈയിൽ പരിക്കുണ്ടെന്നും ഇത് വെച്ചുകെട്ടി തരണമെന്നും വാതിൽ തുറക്കണമെന്നും മദ്യ ലഹരിയിലായിരുന്ന ഇവർ ആവശ്യപ്പെട്ടു.
ഇവിടെ സ്ത്രീകൾ മാത്രമാണുള്ളതെന്നും സമീപത്തെ വീടുകളിൽ പോയി സഹായം തേടാനും സിസ്റ്റർമാർ പറഞ്ഞെങ്കിലും യുവാക്കൾ ഇത് ചെവിക്കൊള്ളാൻ തയാറാവാതെ ഭീഷണി മുഴക്കി.
പൂട്ടിയ കോൺവെൻറ് വാതിൽ തള്ളി തുറക്കാനും ശ്രമിച്ചു. ഇതോടെ കോൺവെൻറ് അധികൃതർ സമീപവാസികളെ വിവരമറിയിച്ചു. നാട്ടുകാർ വരുന്നതു കണ്ട രണ്ട് യുവാക്കൾ ഓടി രക്ഷപെട്ടെങ്കിലും പിന്നീട് നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു.

