കുഴൽപ്പണ കവർച്ചസംഘത്തെ പിടികൂടി
text_fieldsഅറസ്റ്റിലായ പ്രതികൾ
പേരാമ്പ്ര: കുഴൽപ്പണ വിതരണക്കാരെ തട്ടിക്കൊണ്ടുപോയി പണം കവർന്ന് ഉപേക്ഷിക്കുന്ന ഇതര സംസ്ഥാന സംഘത്തെ പേരാമ്പ്ര പൊലീസ് പിടികൂടി. പുതുച്ചേരി സ്വദേശികളായ വിനോദ് (21), മാരിയൻ (24), ശ്രീറാം (21), മാഹി സ്വദേശി ഷിജിൻ (35) എന്നിവരാണ് അറസ്റ്റിലായത്.
ബൈക്കിലെത്തുന്ന കുഴൽപ്പണ വിതരണക്കാരെ ഇവർ മർദിച്ച് ഇവരുടെ വാഹനത്തിൽ കയറ്റും. പിന്നീട് പണം മുഴുവനും കൈക്കലാക്കി അവരെ വഴിയിൽ ഉപേക്ഷിച്ചു മുങ്ങുന്നതാണ് ഇവരുടെ രീതി. സെപ്റ്റംബർ 10ന് സമാന രീതിയിൽ കടമേരി സ്വദേശി ജൈസൽ എന്നയാളെ ആക്രമിച്ച് ഏഴു ലക്ഷം രൂപ കവർന്ന് വെള്ളിയൂരിൽ ഉപേക്ഷിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്തിയെങ്കിലും നമ്പർ വ്യാജമായിരുന്നു. ശേഷം മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ നീക്കത്തിലൂടെയാണ് മാഹിയിലെ ലോഡ്ജിൽനിന്ന് പ്രതികളെ പിടികൂടിയത്. പേരാമ്പ്ര ഡിവൈ.എസ്.പി കെ.കെ. ലതീഷ്, ഇൻസ്പെക്ടർ പി. ജംഷിദ് എന്നിവരുടെ നിർദേശപ്രകാരം പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഷമീർ, എസ്.സി.പി.ഒമാരായ സി.എം. സുനിൽ കുമാർ, വിനീഷ്, സി.പി.ഒ വി.സി. ശ്രീജിത്ത് തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.

