ബൈക്ക് യാത്രികന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്
text_fieldsപേരാമ്പ്ര: കാട്ടുപന്നിയുടെ ആക്രമണത്തിൽ നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ഗുരുതര പരിക്ക്. കായണ്ണ ചെറുകാട് കറുത്തമ്പത്ത് മനുപ്രസാദിനാണ് (31) പരിക്കേറ്റത്. എല്ലു പൊട്ടിയതിനെ തുടർന്ന് ഇടത് കൈക്കും വലത് കാലിനും പ്ലാസ്റ്ററിട്ടു.
കഴിഞ്ഞ ദിവസം പുലർച്ച മൂന്നു മണിക്കാണ് അപകടം. ചെങ്കല്ല് കൊണ്ടുവരുന്ന ലോറിയിലെ ഡ്രൈവറായ മനുപ്രസാദ് പുലർച്ച കൂട്ടാലിടനിന്ന് ലോറി എടുക്കാൻ ബൈക്കിൽ പോകുകയായിരുന്നു. കൂരാച്ചുണ്ട് - ബാലുശ്ശേരി റോഡിൽ കോളനിമുക്കിനു സമീപമാണ് സംഭവം.
മനുപ്രസാദ് ബൈക്കോടിച്ചു പോകുമ്പോൾ റോഡിനു കുറുകെ വന്ന മൂന്ന് കാട്ടുപന്നികളിൽ ഒന്ന് ബൈക്ക് കുത്തി തെറിപ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സക്ക് ശേഷം വീട്ടിൽ തിരിച്ചെത്തി.

