മാധ്യമങ്ങൾക്ക് വാർത്ത നൽകിയതിന് എക്സൈസ് ഓഫിസ് ആക്രമിച്ച് കഞ്ചാവുകേസ് പ്രതിയുടെ പ്രതികാരം
text_fieldsപേരാമ്പ്ര എക്സൈസ് ഓഫിസിെൻറ വാതിൽ തകർത്ത നിലയിൽ
പേരാമ്പ്ര: കഞ്ചാവുകേസിൽ അറസ്റ്റിലായ പ്രതി ഫോട്ടോ പത്രമാധ്യമങ്ങൾക്കു നൽകിയതിെൻറ പ്രതികാരമായി പേരാമ്പ്ര എക്സൈസ് ഓഫിസിനുനേരെ ആക്രമണം നടത്തി.കായണ്ണ നരയംകുളം സ്കൂൾപറമ്പിൽ ലതീഷും (34) സംഘവുമാണ് ആക്രമണം നടത്തിയതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ലതീഷിനെ കൂടാതെ മറ്റു രണ്ടു പേരും സംഘത്തിലുണ്ടായിരുന്നു. ഇതിൽ ചേനോളി കേളോത്ത് ശ്യാമിനെ (29) എക്സൈസ് അധികൃതർ പിടിച്ച് പൊലീസിൽ ഏൽപിച്ചു.
ബുധനാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം. ഓഫിസിലേക്ക് അതിക്രമിച്ചുകയറി പ്രധാന വാതിലിെൻറ ഗ്ലാസ് അടിച്ചുതകർക്കുകയും ഓഫിസറെ ചീത്തവിളിക്കുകയും ചെയ്തു. പിന്നീട് ഓടി രക്ഷപ്പെടുകയായിരുന്നു. ലതീഷിനെ കഞ്ചാവ് കൈവശം വെച്ചതിന് കഴിഞ്ഞ ദിവസം എക്സൈസ് സംഘം കൈതക്കലിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയശേഷമാണ് മറ്റു രണ്ടു പേരെയും കൂട്ടി എക്സൈസ് ഓഫിസിലെത്തി അതിക്രമം കാണിച്ചത്. പ്രതികൾ മദ്യലഹരിയിലാണ് അതിക്രമം നടത്തിയതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

