രജുലിന്‍റെ മരണപാച്ചിലിൽ പിഞ്ചു കുഞ്ഞിനു പുനർജന്മം
text_fieldsരജുൽ തന്റെ ആംബുലൻസുമായി
പേരാമ്പ്ര: 'എത്രയും പെട്ടെന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചാൽ കുഞ്ഞിനെ രക്ഷിക്കാം' - എന്നായിരുന്നു ആംബുലൻസ് ഡ്രൈവർ രജുലിന് പേരാമ്പ്ര താലൂക്കാശുപത്രിയിൽ നിന്നും ലഭിച്ച ഉപദേശം. പിന്നീട് അവനൊന്നും ആലോച്ചിച്ചില്ല. ആംബുലൻസ് ഡ്രൈവർമാരുടെ ഗ്രൂപ്പിൽ കാര്യം പറഞ്ഞു. അവരും പൊലീസും റോഡിലെ തടസങ്ങൾ നീക്കി. ജീവൻ പണയം വെച്ച് കുഞ്ഞു ജീവനും കൈയ്യിലെടുത്ത് രജുൽ അക്ഷരാർത്ഥത്തിൽ പറക്കുകയായിരുന്നു.. 55 ഓളം കിലോമീറ്റർ ദൂരം താണ്ടിയത് 38 മിനുട്ട് കൊണ്ടായിരുന്നു. രജുലിന്റെ മനോധൈര്യം കാരണം ആ കുരുന്ന് ഹൃദയം ഇപ്പോളും മിടിക്കുന്നുണ്ട്.
ആക്കുപറമ്പ് സ്വദേശികളായ ദമ്പതികളുടെ ഒന്നര മണിക്കൂര്‍ മാത്രം പ്രായമായ കുഞ്ഞിനെയാണ് ഓക്‌സിജന്‍ കുറഞ്ഞതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. കൈതക്കൽ സ്വദേശിയായ രജുൽ കാർത്തികേയൻ പേരാമ്പ്ര മർച്ചന്റ്സ് അസോസിയേഷന്റെ ആംബുലൻസ് ഡ്രൈവറാണ്.