ആദ്യദിനം അഹല്യയും സ്കൂളിലെത്തി; പക്ഷേ
text_fieldsപേരാമ്പ്ര സെൻറ് ഫ്രാന്‍സിസ് ഹൈസ്കൂളില്‍ പൊതുദര്‍ശനത്തിനുവെച്ച അഹല്യക്ക് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയ പ്രധാനാധ്യാപിക സിസ്റ്റര്‍ റോസ്ലി പൊട്ടിക്കരയുന്നു
പേരാമ്പ്ര: ഒന്നര വര്‍ഷത്തിനുശേഷം സ്കൂൾ തുറന്നപ്പോൾ അവളും സ്കൂളിലെത്തി പക്ഷേ സഹപാഠികളേയും അധ്യാപകരേയും കണ്ണീരിലണിയിച്ചായിരുന്നു അവൾ തെൻറ വിദ്യാലയമായ സെൻറ് ഫ്രാന്‍സിസ് സ്കൂളിലെത്തിയത്. പ്രവേശനോത്സവത്തിൽ കളിചിരിമേളമുയരേണ്ട സ്കൂള്‍ അങ്കണം അഹല്യ കൃഷ്ണയുടെ ചേതനയറ്റ ശരീരം എത്തിയപ്പോൾ നിയന്ത്രണം വിട്ട തേങ്ങലുകൾക്കാണ് സാക്ഷിയായത്. ഞായറാഴ്ച വാഹനാപകടത്തിൽ മരിച്ച അഹല്യയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച കാലത്ത് 11 മണിക്കാണ് ഹൈസ്കൂളിലെത്തിച്ച് പൊതുദര്‍ശനത്തിന് വെച്ചത്. വിദ്യാര്‍ഥികളും അധ്യാപകരും അഹല്യക്ക് അന്ത്യ യാത്രാ മൊഴി നല്‍കാനെത്തി.
കൂട്ടുകൂടാന്‍ തങ്ങളുടെ പ്രിയ സഹപാഠി സ്കൂളിലേക്ക് ഇനി വരില്ലെന്ന തിരിച്ചറിവിൽ സഹപാഠികള്‍ പൊട്ടിക്കരഞ്ഞു. അഹല്യയുടെ വേര്‍പാട് സ്കൂളിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. പഠനത്തിലും കലാമേഖലയിലും കഴിവ് തെളിയിച്ച മികച്ച വിദ്യാർഥിയായിരുന്നു കെ.പി.സി.സി സെക്രട്ടറി സത്യൻ കടിയങ്ങാടിെൻറ മകൾ അഹല്യ.