14 കാരിക്കുനേരെ ലൈംഗികാതിക്രമം; പൂജാരി അറസ്റ്റിൽ
text_fieldsവിനോദ്
പേരാമ്പ്ര : മന്ത്രവാദ ചികിത്സയുടെ മറവിൽ 14 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പൂജാരിയെ പേരാമ്പ്ര പൊലീസ് അറസ്റ്റു ചെയ്തു. കടിയങ്ങാട് മുതുവണ്ണാച്ച കിളച്ച പറമ്പത്ത് വിനോദ് (49)ആണ് അറസ്റ്റിലായത്. വടക്കുമ്പാട് വേങ്ങശ്ശേരിക്കാവ് ക്ഷേത്രത്തിലെ പൂജാരിയാണ് വിനോദ്. ചേവായൂർ സ്വദേശിനിയായ പെൺകുട്ടിയാണ് പരാതി നൽകിയത്. ക്ഷേത്ര പൂജക്കൊപ്പം മന്ത്രവാദ ചികിത്സകൾ കൂടി നടത്തുന്നയാളാണ് വിനോദ്. മന്ത്രവാദ ചികിത്സക്ക് പരാതിക്കാരിയും മാതാപിതാക്കളും കൂടി ഈ മാസം 20ന് ക്ഷേത്രത്തിൽ എത്തുകയായിരുന്നു.
പ്രതി പെൺകുട്ടിയെ മാത്രം തന്റെ പൂജ മുറിയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പുറത്തിറങ്ങിയ പെൺകുട്ടി രക്ഷിതാക്കളോട് കാര്യം അറിയിക്കുകയും പേരാമ്പ്ര പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പേരാമ്പ്ര എസ്.ഐ ജംഷീർ അറസ്റ്റ് ചെയ്ത പ്രതിയെ പോക്സോ കോടതിയിൽ ഹാജരാക്കും.

