കോവിഡ് വാക്സിനായി നെട്ടോട്ടമോടി ജനം
text_fieldsകോഴിക്കോട് : കോവിഡ് പ്രതിരോധ വാക്സിനേഷന് ബുക്കിങ് നടത്താനാകാതെ ജനം വലയുന്നു. സാധാരണകാർക്ക് വാക്സിൻ രജിസ്ട്രേഷന് സാധിക്കാതിരിക്കുമ്പോഴും പലയിടങ്ങളിലും സ്പോട്ട് രജിസ്ട്രേഷൻ വഴിയും ആരോഗ്യ പ്രവർത്തകരുമായുള്ള ബന്ധം വഴിയും സ്വാധീനമുപയോഗിച്ച് നിരവധി പേർ കുത്തിവെപ്പെടുക്കുന്നുമുണ്ട്.
വാക്സിൻ ഷെഡ്യൂൾ ബുക്കിങ് ആരംഭിക്കുന്ന നിമിഷം മുതൽ പൂജ്യം സ്ലോട്ട് കാണിക്കുന്ന വാക്സിനേഷൻ കേന്ദ്രങ്ങളിലും അടുത്ത ദിവസങ്ങളിലെല്ലാം 80-100 പേർക്ക് വാക്സിൻ നൽകിയ കണക്കും കാണാം. ഓൺലൈൻ രജിസ്ട്രേഷന് കാത്തിരിക്കുന്ന, ദിവസങ്ങൾ കുത്തിയിരുന്ന് ശ്രമിച്ചിട്ടും സ്ലോട്ട് കിട്ടാതെ ബുദ്ധിമുട്ടുന്ന സാധാരണക്കാർ ഇത് എങ്ങനെ സംഭവിക്കുന്നുവെന്ന് മനസ്സിലാകാതെ മിഴിച്ചിരിക്കുകയാണ്.
ആദ്യ ഡോസ് സ്വീകരിച്ച് 85 ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് എടുത്താൽ മതിയെന്ന് സർക്കാർ വൃത്തങ്ങൾ പറയുമ്പോൾ 85 ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസ് ലഭ്യമാകാത്തവർ നിരവധിയാണ്. പ്രദേശത്തെ ആശ വർക്കർമാരുമായി ബന്ധപ്പെടുമ്പോൾ 85 ദിവസത്തിന് ശേഷം രണ്ടാം ഡോസ് രജിസ്ട്രേഷൻ ആരംഭിച്ചാൽ മതിയെന്നും 120 ദിവസത്തിനുള്ളിൽ കിട്ടിയില്ലെങ്കിൽ വഴിയുണ്ടാക്കാമെന്നുമാണ് ന്യായം.
വാക്സിൻ ക്ഷാമം പരിഹരിക്കാനുള്ള കുറുക്കുവഴിയായിട്ടാണ് രണ്ടാം േഡാസിെൻറ ഇടവേള സർക്കാർ ദീർഘിപ്പിച്ചത്. എന്നാൽ, ഓരോ ദിവസം കഴിയുന്തോറും വാക്സിൻ ക്ഷാമം രൂക്ഷമാകുകയാണ്.
രണ്ടാം ഡോസുകാർക്ക് മുൻഗണന നൽകുമെന്ന് പറയുന്നുണ്ടെങ്കിലും ലഭിക്കുന്നില്ല. കുറേ ദിവസങ്ങളായി 40 - 44 പ്രായക്കാർക്ക് മാത്രമായിരുന്നു ബുക്കിങ്ങിന് സാധിച്ചത്. മെഡിക്കൽ കോളജിൽ ജൂൺ 15 മുതൽ 1,000 പേർക്ക് വീതം മെഗാ വാക്സിനേഷൻ ക്യാമ്പ് നടന്നെങ്കിലും രണ്ട് ദിവസം മാത്രമാണ് ഓൺലൈനിൽ സ്ലോട്ടുകൾ രേഖപ്പെടുത്തിയത്. അതും 40-44 വയസ്സുകാർക്ക് 250 - 300 എണ്ണം വീതം.
നിയമസഭ തെരഞ്ഞടുപ്പ് അടുപ്പിച്ച് ഉദ്യോഗസ്ഥർക്ക് വ്യാപകമായി വാക്സിൻ നൽകിയിരുന്നു. ഐ.എം.എ യുടെ നേതൃത്വത്തിലും രണ്ട് ദിവസങ്ങളിൽ മെഗാ വാക്സിനേഷൻ ക്യാമ്പുകൾ നടന്നിരുന്നു. അതിലെല്ലാം ആദ്യ ഡോസ് ലഭിച്ചവർ രണ്ടാം ഡോസിന് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയാണ്.
തിങ്കളാഴ്ച മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ബുക്കിങ്ങിന് സൗകര്യമൊരുക്കുന്നതോടെ വാക്സിനായി തിരക്ക് കൂടും. അതേസമയം, 55,000 ഡോസ് കോവി ഷീൽഡ് എത്തിയിട്ടുണ്ടെന്ന ജില്ല വാക്സിനേഷൻ ഓഫിസർ ഡോ. മോഹൻദാസ് അറിയിച്ചു. 35,000 ഡോസ് വിവിധ വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്തു കഴിഞ്ഞു. 20,000 ഡോസ് അടുത്ത ദിവസങ്ങളിലായി വിതരണം ചെയ്യും.
നിലവിൽ 45 വയസ്സിന് മുകളിലുള്ള പകുതി പേർക്ക് വാക്സിൻ നൽകിയിട്ടുണ്ട്. 7000 ഓളം കിടപ്പു രോഗികൾക്കും വാക്സിനേഷൻ പൂർത്തിയാക്കിയെന്ന് വാക്സിനേഷൻ ഓഫിസർ ഡോ. മോഹൻദാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

