നാടിന്റെ നനവുകൾ വറ്റുമോ?
text_fieldsവടകര മാഹി കനാലിന്റ നിർമാണം പൂർത്തിയായ കളിയാംവെള്ളി ഭാഗം
കോഴിക്കോട്: നാടിന്റെ അരഞ്ഞാണമായിക്കിടന്ന ചതുപ്പുകൾ അപ്രത്യക്ഷമാകുകയാണ്. തണ്ണീർത്തടങ്ങൾ നികത്തി കെട്ടിടങ്ങൾ ഉയർത്തിപ്പൊക്കിയതേടെ നഗരത്തിന്റെ നനവുകൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. തണ്ണീർത്തടങ്ങൾ മായുന്നതോടെ ജീവജാലങ്ങളുടെ കൂടുകളും ഇല്ലാതാവുകയാണ്. നഗരം ഇന്ന് പുരോഗമിക്കുന്നത് ചതുപ്പിനെ മായ്ച്ചുകൊണ്ടാണ്. ചതുപ്പിലൂടെ കീറിയെടുത്ത കനോലി കനാലിനെ തുടക്കകാലത്ത് ഭീഷണിയായി കണ്ടില്ലെങ്കിലും ഇന്ന് തണ്ണിർത്തടങ്ങളുടെ അന്തകനായി മാറുമോ എന്ന ആശങ്ക ഉയരുകയാണ്. കനാലിനെ ജലപാതയാക്കാനുള്ള നീക്കത്തിനെതിരെ വലിയ പ്രതിഷേധങ്ങൾക്ക് അരങ്ങ് ഒരുങ്ങുന്നു.
ജലപാതകൾ ജീവനാശ പാതകളോ?
കനാലുകളെ ദേശീയ ജലപാതയാക്കാനുള്ള പരിശ്രമത്തിലാണ് അധികൃതരെന്നാണ് പ്രതിഷേധക്കാരുടെ പരാതി. നദികള്‍, തടാകങ്ങള്‍, സമുദ്രങ്ങള്‍ തുടങ്ങിയ പ്രകൃതിദത്ത ജലാശയങ്ങളും കനാല്‍ പോലുള്ള കൃത്രിമ ജലാശയങ്ങളും വൻതോതിൽ ജലപാതകളായി ഉപയോഗിക്കാനാണ് ശ്രമം.
ടൂറിസസാധ്യതകൾ കണക്കിലെടുത്തും ചരക്കുകടത്തിന് ചെലവുകുറഞ്ഞമാർഗം എന്നനിലയിലുമാണ് ജലപാതകൾ കൂടുതൽ ആകർഷകമാകുന്നത്.
ഗതാഗതയോഗ്യമായ കനാലുകളെയും നദികളെയും തടാകങ്ങളെയും കോർത്തിണക്കി ജലപാതകളാക്കി മാറ്റാൻ നീക്കം നടക്കുകയാണ്. ഇതിനുവേണ്ടി കനാലുകളുടെ ശുചീകരണങ്ങളും തുടങ്ങി. ജില്ലയിലെ വലിയൊരു ജനവിഭാഗത്തെയും പ്രകൃതിയെയും പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുമെന്നാണ് ആശങ്ക. ജലപാത പദ്ധതികൾക്കെതിരെ ജനകീയ സമിതികൾ സജീവമാകുകയാണ്.
ദേശീയ ജലപാത പരാജയപ്പെട്ടതാണെന്നു പറയുമ്പോൾതന്നെ അത് സൃഷ്ടിക്കുന്ന പാരിസ്ഥിതിക-സാമൂഹിക- സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചും തുറന്നുപറയുകയാണ് ജനകീയ സമിതികൾ.
പാരിസ്ഥിതിക അഭയാർഥികളെ സൃഷ്ടിക്കുന്നതും ഉൾനാടൻ മത്സ്യത്തൊഴിലാളികളെ തൊഴിൽരഹിതരാക്കുന്നതുമാണിതെന്ന് ഇവർ പറയുന്നു.
നൂറുകണക്കിന് അപൂർവ ജലജീവികളെയും ജലസസ്യങ്ങളെയും ഇല്ലാതാക്കും. നാടിന്റെ ഹൃദയജലം വാർത്തുകളയുന്ന പദ്ധതി വിനാശത്തിനിടയാക്കുമെന്ന് ജനകീയ സമിതി വക്താക്കൾ സമർഥിക്കുന്നു.
വടകര -മാഹി കനാല്‍ നിർമാണം; നഷ്ടപരിഹാരം വൈകുന്നു
വടകര: വിനോദ സഞ്ചാര മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് വഴിതെളിക്കുന്ന വടകര -മാഹി കനാല്‍ നിർമാണത്തിന്റ ഭാഗമായി ഭൂമി ഏറ്റെടുക്കലും നഷ്ടപരിഹാരവും വൈകുന്നു. നടപടി ക്രമങ്ങൾ പൂർത്തിയായെങ്കിലും പകുതിയിലധികം പേർക്ക് ഇതുവരെ ഏറ്റെടുക്കലിന്റെ ഭാഗമായി പണം ലഭിച്ചിട്ടില്ല. 450 ഓളം പേർക്കാണ് ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ ആരംഭിച്ചത്. 25 കോടി രൂപയുടെ നഷ്ടപരിഹാരം നൽകാനുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയിരുന്നു. ഹി കനാലിന്റ അഞ്ചാം റീച്ചിൽ ഉൾപ്പെട്ട കളിയാംവെള്ളിയിൽ 18 കോടി രൂപയുടെയും മൂഴിക്കൽ ഭാഗത്ത് 16.5 കോടി രൂപയുടെയും നഷ്ടപരിഹാര തുകയാണ് നൽകേണ്ടത്. കുറ്റ്യാടി മാഹി പുഴകളെ ബന്ധിപ്പിക്കുന്ന വടകര-മാഹി കനാൽ നിർമാണം അഞ്ച് റീച്ചുകളിലായിട്ടാണ് നടക്കുന്നത്. കളിയാംവെള്ളിയിൽ 35 ഏക്കർ ഭൂമിയും മാങ്ങാമൂഴി കന്നിനട മൂഴിക്കൽ ഭാഗത്ത് 20.8 ഏക്കർ ഭൂമിയുമാണ് ഏറ്റെടുക്കുന്നത്. മൂഴിക്കൽ ലോക്ക് കം ബ്രിഡ്ജിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. അപ്രോച്ച് റോഡ്, ഉപ്പുവെള്ളം കയറുന്നത് തടയാനുള്ള പ്രതിരോധ സംവിധാനമായ (നാവിഗേഷൻ ലോക്ക്) പൂർത്തീകരിക്കേണ്ടതുണ്ട്.
മൂഴിക്കൽ ലോക്ക് കം ബ്രിഡ്ജ് നിർമാണം പൂർത്തിയാവുന്നതോടെ ഉപ്പുവെള്ള ഭീഷണിക്ക് ശാശ്വത പരിഹാരമാവും. താൽക്കാലിക തടയണ നിർമിച്ചു ഉപ്പുവെളളം കയറുന്നത് തടയുക പതിവായിരുന്നു.
യു.എൽ.സി.സി.എസിനാണ് പ്രവൃത്തിയുടെ ചുമതല. 16.95 കോടി രൂപ ചെലവിലാണ് മൂഴിക്കൽ ലോക്ക് കം ബ്രിഡ്ജ് പ്രവൃത്തി നടക്കുന്നത്.
അഞ്ചാം റീച്ചായ കളിയാംവെള്ളി മുതൽ തുരുത്തിവരെയുള്ള 3.48 കിലോമീറ്റർ ഭാഗത്തെ പ്രവൃത്തി പൂർത്തിയായി. മൂന്നാം റീച്ചിൽ ചേരിപൊയിൽ പുതിയ ഡിസൈൻ തയാറാക്കുന്നുണ്ട്. ഒന്നാം റീച്ചിൽ നാലു കിലോമീറ്ററോളം ഭാഗത്ത് ടെൻഡർ നടപടിയായിട്ടുണ്ട്.
ഒന്ന്, മൂന്ന് റീച്ചുകളുടെ നിർമാണം പൂർത്തീകരിച്ചാൽ കനാൽ നിർമാണം യാഥാർഥ്യമാവും. ജലപാത വികസനം 2025ല്‍ പൂർത്തിയാക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് പ്രവൃത്തികള്‍ ഊർജിതമായി നടക്കുന്നത്.
കേരളത്തിന്റെ പരിസ്ഥിതിയെ തകർക്കാനുളള വലിയ ഗൂഢപദ്ധതിയാണ് പുതിയ ജലപാത എന്ന ആശയം. കേരളത്തിന്റെ വികസനവുമായി വലിയ ബന്ധമില്ല മറിച്ച്, ടൂറിസത്തിന്റെ മറവിൽ സാമ്പത്തിക ലാഭത്തിന് കോപ്പുകൂട്ടുന്ന വലിയ മാഫിയയാണ് ഇതിനു പിന്നിൽ. സംസ്ഥാനത്തെ നദികൾ നിലവിൽ ഭീഷണി നേരിടുകയാണ്. പൊങ്ങച്ചത്തിന്റെ വികസന സങ്കൽപങ്ങളിൽ പുതിയ ഏടുകൂടി ചേർക്കാനാണ് ഭൂമിക്കച്ചവടത്തിന്റെയും ടൂറിസത്തിന്റെ മറവിൽ വൻ പണമോഹം കൊണ്ടുനടക്കുന്നവരുടെയും മനസ്സിലുള്ളത്.- ഇ.പി. അനിൽ, ഗ്രീൻ റിപ്പോർട്ടർ എഡിറ്റർ
കനാലുകൾ പലപ്പോഴും ഗതാഗതത്തിനുവേണ്ടി മാത്രമല്ലാതെ ജലസേചനത്തിനുവേണ്ടിയുമായിരുന്നെങ്കിൽ ഇന്ന് മാലിന്യ നിർമാർജനത്തിന് മാത്രമായി മാറിയിരിക്കുകയാണ്. ഹോട്ടലുകളിൽനിന്നും വൻകിട സ്ഥാപനങ്ങളിൽനിന്നും ആശുപത്രികളിൽനിന്നും മലിനജലവും ശസ്ത്രക്രിയ അവശിഷ്ടങ്ങളും ഒഴുക്കിക്കളയാനുള്ള ചാലുകളായി ജലപാതകൾ മാറുകയാണ്. ജനങ്ങൾ പ്രതികരിക്കണം. രാഷ്ട്രീയക്കാർ മാത്രമല്ല പ്രതികരിക്കേണ്ടത്.-ഡി. സുരേന്ദ്രനാഥ് (പരിസ്ഥിതി പ്രവർത്തകൻ)
പാർലമെന്റിനോ നിയമസഭക്കോ ഒന്നും ജലം ഉൽപാദിപ്പിക്കാനുള്ള കഴിവില്ല. അരുവികളും ചെറു നദികളും പുഴകളും കടലും എല്ലാമാണ് നമുക്ക് ജലം തരുന്നത്. ഈ സാഹചര്യത്തിൽ ചെറിയ അരുവികളെ വെട്ടിമുറിച്ച് അവയുടെ വിസ്താരം വർധിപ്പിക്കുമ്പോൾ അതിന്റെ തീരത്ത് താമസിക്കുന്നവർ മാത്രമല്ല ദുരിതമനുഭവിക്കുന്നത്. പുതിയ പദ്ധതികൾ തീരവാസികളെ അഭയാർഥികളാക്കുന്നു. മത്സ്യത്തൊഴിലാളികളെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകളെയും എവിടെ പുനരധിവസിപ്പിക്കും എന്നത് വലിയൊരു പ്രശ്നമാണ്. അഭയാർഥികളായിത്തീരുന്ന അവരുടെ കാര്യം എന്താവും എന്ന ആശങ്ക ചോദ്യചിഹ്നമാണ്. ആധിപത്യം ഒരിക്കലും നല്ലതല്ല.-പി.കെ. ഗോപി (കവി)
ഒരു കൂട്ടം ആളുകളുടെ ധൂർത്തിനും സമ്പത്ത് കുന്നുകൂട്ടുന്നതിനും വേണ്ടി പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ്. കോളനിവത്കരണത്തിന്റെ വക്താക്കളായവർ തേക്കുതടികളും സുഗന്ധദ്രവ്യങ്ങളും കടത്തിക്കൊണ്ടുപോകാൻ ലക്ഷ്യമിട്ടാണ് കനോലി കനാൽ നിർമിച്ചതെങ്കിൽ ടൂറിസസാധ്യതകൾ മുന്നിൽ നിരത്തി പുതിയ കോളനിവത്കരണത്തിനുള്ള നീക്കമാണ് അതേ പാതകൾ ഉപയോഗപ്പെടുത്തി ഇപ്പോൾ ശ്രമിക്കുന്നത്. ജലപാതകൾ ചൂഷണത്തിനുള്ള പാതകളാകുന്നു.-അഡ്വ. പി.എ. പൗരൻ (മനഷ്യാവകാശ പ്രവർത്തകൻ, ഗ്രീൻ മൂവ്മെന്റ് പ്രവർത്തകൻ)
ജലപാതകളുടെ വികസനത്തിനു തടസ്സമായി നിൽക്കുന്നത് കനാലുകൾക്ക് ആഴമില്ലെന്നതാണ്. ചളി നിറഞ്ഞതുമൂലം കനാലുകളുടെ ആഴം കുറഞ്ഞു. ജലസസ്യങ്ങളുടെ വ്യാപനവും കൂടി. ഇതു പരിഹരിച്ചേ ജലപാതകൾ പുനരാരംഭിക്കൂ. ടൂറിസവികസനത്തിന്റെ ഭാഗമായി ആഴം കൂട്ടുന്നതോടെ സമീപത്തെ തണ്ണീർത്തടങ്ങൾക്കും കുടിവെള്ള സ്രോതസ്സുകൾക്കും ഭീഷണിയാകും. തണ്ണീർത്തടങ്ങൾ കുറയുന്നതോടെ പശ്ചിമഘട്ടത്തിൽ പെയ്യുന്ന മഴവെള്ളം രണ്ടു ദിവസങ്ങൾക്കുള്ളിൽ കടലിൽ എത്തിച്ചേരുകയാണ്. ഭൂമിയെ കുടിപ്പിച്ച് ആഴ്ചകളോ മാസമോ എടുത്ത് എത്തിച്ചേരേണ്ട മഴവെള്ളം നിൽക്കാൻ ഇടമില്ലാതെ ദിവസങ്ങൾക്കുള്ളിൽ കടലിൽ ചേരുന്നു. ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട കോട്ടൂളി തണ്ണീർത്തടവും പെരുന്തുരുത്തി തണ്ണീർത്തടവും ഭീഷണിയിലാണ്. കനാലിലെയും തണ്ണീർത്തടത്തിലെയും വെള്ളം ഭൂഗർഭജലം കൂടിയാണ്. ഒരു ജലപാതക്കുകൂടി അരെങ്ങാരുങ്ങുമ്പോൾ കനോലി കനാലിന്റെ പല ഭാഗത്തും രണ്ടു മീറ്ററെങ്കിലും ആഴം കൂട്ടേണ്ടിവരും. മഴക്കുറവ് കൂടിയവേളയിൽ ഉള്ള തണ്ണീർത്തടങ്ങൾ നഷ്ടമാകാതെ സംരക്ഷിക്കണം. കനാലിനെ കടലുമായി ബന്ധിപ്പിച്ചതോടെ വേലിയേറ്റത്തിലെ ഉപ്പുവെള്ളക്കയറ്റത്തിൽ പ്രദേശത്തെ നെൽകൃഷികൾ നശിച്ചു. ഉപ്പുവെള്ളം കയറിയതോടെ ശുദ്ധജല സസ്യങ്ങളും ജീവികളും ഇല്ലാതായി.-ഡോ. അഞ്ജന ഭാഗ്യനാഥ് (ഡിപ്പാർട്മെന്റ് ഓഫ് ആർകിടെക്ചർ ആൻഡ് പ്ലാനിങ് എൻ.ഐ.ടി കാലിക്കറ്റ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

