ജാമ്യം റദ്ദാക്കിയ പോക്സോ കേസ് പ്രതി മുങ്ങി; പൊലീസ് സ്റ്റേഷനു മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം
text_fieldsപയ്യോളി: ജാമ്യം റദ്ദാക്കിയ പോക്സോ പ്രതി ആശുപത്രിയിൽ നിന്നും മുങ്ങിയതിനെ തുടർന്ന് നാട്ടുകാരും കർമ്മസമിതി പ്രവർത്തകരും പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. മണിയൂരിൽ പതിമൂന്നു കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ വടകര ബാങ്ക് റോഡിൽ ചങ്ങരോത്ത് റഫീഖാണ് (48) പൊലീസിനെ കബളിപ്പിച്ച് സ്ഥലത്തുനിന്നും മുങ്ങിയത്. ഏറെ വിവാദമായ കേസിൽ പ്രതിയായ റഫീഖ് എട്ടുമാസത്തോളമായി വിദേശത്തായിരുന്നു.
ഒടുവിൽ കഴിഞ്ഞദിവസം കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി മുഖേന ജാമ്യം ലഭിച്ചതിനെ തുടർന്ന് നാട്ടിലെത്തിയതോടെയാണ് കേസ് ഏറെ വിവാദമായത്. പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെശക്തമായ ജനരോക്ഷത്തെ തുടർന്ന് ജാമ്യം റദ്ദാക്കാൻ പയ്യോളി പൊലീസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചതിനെ തുടർന്ന് ശനിയാഴ്ച ഫാസ്റ്റ് ട്രാക്ക് കോടതി പ്രതിയുടെ ജാമ്യം റദ്ദാക്കി . അതിനിടയിൽ പ്രതി റഫീഖ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
നാടകീയ സംഭവങ്ങൾക്കൊടുവിൽ ശനിയാഴ്ച വൈകീട്ട് പ്രതിയെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് എത്തുമ്പോഴേക്കും പ്രതി ആശുപത്രിയിൽ നിന്നും മുങ്ങിയിരുന്നു. മാതാവിന്‍റെ സഹായത്തോടെ പതിമൂന്നുകാരിയെ രണ്ടുവർഷമായി പ്രതി റഫീഖ് പീഡിപ്പിച്ചതായാണ് കേസ്. പ്രതിക്ക് രക്ഷപ്പെടാനുള്ള സാഹചര്യമൊരുക്കിയത് പയ്യോളി പൊലീസിന്റെ അനാസ്ഥയാണെന്ന് ആരോപിച്ച് കർമ സമിതി പ്രവർത്തകർ ഞായറാഴ്ച വൈകീട്ട് നാലോടെ പൊലീസ് സ്റ്റേഷന് മുമ്പിൽ വീണ്ടും കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു. കഴിഞ്ഞ ഒക്ടോബർ 17ന് പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷാവസ്ഥയുണ്ടായിരുന്നു.
ഈയൊരു സാഹചര്യത്തിൽ വൻ പോലീസ് സന്നാഹമാണ് പയ്യോളി പൊലീസ് സ്റ്റേഷൻ പരിസരത്ത് ഒരുക്കിയിരുന്നത്. വാർഡ് മെമ്പറും കർമ്മസമിതി കൺവീനറുമായ വി.പി.അഹമ്മദ് സാലിഹ് സമരം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി. സബീഷ് ടി.ജസീല, പി.കെ.സലിജ, ടി.എം.കെ നംഷിദ് എന്നിവർ സംസാരിച്ചു.

