കോഴിക്കോട്: കോഴിക്കോടിെൻറ ഹൃദയമിടിപ്പുള്ള 'കടൽപാലം' എന്ന സിനിമയിൽ 'ഈ കടലും മറുകടലും' എന്ന വിപ്ലവഗാനത്തോെടയായിരുന്നു മലയാളത്തിൽ എസ്.പി.ബിയുടെ തുടക്കം. കെ.ടി. മുഹമ്മദിെൻറ കടൽപാലം നാടകം അേത പേരിൽ 1969ൽ സിനിമയായപ്പോൾ വയലാർ എഴുതിയ 'ഈശ്വരനെ കണ്ടൂ, ഇബിലീസിനെ കണ്ടൂ, ഇതുവരെ മനുഷ്യനെ കണ്ടില്ല'.. എന്നിങ്ങനെ പോവുന്ന ആ പാട്ട് ഇന്നും കോഴിക്കോടൻ പാട്ടു വേദികളുടെ ഗൃഹാതുരതയായി ഒഴുകുന്നു.
കോഴിക്കോട് അബ്ദുൽ ഖാദറിെൻറ 'എങ്ങനെ നീ മറക്കും' പോലെ നഗരത്തിന് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിലൊന്ന്. ആരാധകരേറെയുള്ള കോഴിക്കോട്ട് പല തവണ പാടാനെത്തിയിട്ടുണ്ട് എസ്.പി.ബി. മലബാർ മഹോത്സവത്തിലും മ്യുസീഷ്യൻസ് വെൽഫെയർ അസോസിയേഷെൻറ സംഗീത സായാഹ്നത്തിലുമെല്ലാം 'ഈകടലും മറുകടലും' അദ്ദേഹം പാടിയത് ഇന്നുമോർക്കുന്നു സംഗീത പ്രേമികളുടെ നഗരം.
കോഴിക്കോട്ടെ പാട്ടുകാരെ സഹായിക്കാൻ ഫണ്ട് സ്വരൂപിക്കാൻ മ്യൂസിഷൻസ് വെൽഫെയർ അസോസിയേഷൻ 2004 ഡിസംബർ 12നാണ് കോഴിക്കോട് സെൻറ് ജോസഫ്സ് സ്കൂൾ മൈതാനത്ത് സംഗീത സന്ധ്യ സംഘടിപ്പിച്ചപ്പോൾ വൻ ജനാവലിയാണ് ഒഴുകിയെത്തിയത്. ചിത്രയും അദ്ദേഹവും പാടിയ 22 പാട്ടുകളും തിങ്ങിനിറഞ്ഞ സദസ്സ് വൻകൈയടിയോടെ എതിരേറ്റു. അസോസിയേഷൻ ഭാരവാഹികളായ കെ. സലാം, തേജ് മെർവിൻ, സുനിൽകുമാർ, കോഴിക്കോട് പപ്പൻ, ജയദേവൻ എന്നിവരാണ് എസ്.പിയെ ക്ഷണിക്കാൻ ചെന്നൈയിൽ ചെന്നത്.
അദ്ദേഹം വരുമോയെന്ന ആശങ്ക എല്ലാവർക്കുമുണ്ടായിരുന്നു. എന്നാൽ, തീയതി പറഞ്ഞോളൂ ഞാൻ വന്നിരിക്കുമെന്ന മറുപടി വിളിക്കാൻ പോയവരെ അമ്പരപ്പിച്ചു. യാത്രാ ടിക്കറ്റ് മാത്രം നൽകി മറ്റൊന്നും വാങ്ങാതെയാണ് കലാകാരന്മാർക്കായി അദ്ദേഹം പാടിയത്. പ്രതിഫലത്തെപ്പറ്റി പറഞ്ഞപ്പോൾ എെൻറ കുടുംബത്തിനായല്ലേ എന്ന മറുപടി സലാം ഓർക്കുന്നു.
ആദ്യം പാടിയത് ഇളയനിലാ.. എന്ന സൂപ്പർ ഹിറ്റായിരുന്നു. ഏക് ദുജെ കേലിയേയിലെ 'തേരെ മേരേ ബീച് മേം', പുന്നൈക മന്നനിലെ 'എന്ന സത്തം ഇന്ത', ദളപതിയിലെ 'രാക്കമ്മാ കയ്യെ തട്ട്' അടക്കം പാടി. 'ഇളമൈ ഇതോ' എന്ന പാട്ടിൽ പരിപാടി അവസാനിപ്പിച്ചപ്പോഴും വൻ ജനാവലി അദ്ദേഹത്തിനായി ആരവമുയർത്തി.