പെൻഷൻ മുടക്കം; കെ.എസ്.ആർ.ടി.സിയിൽനിന്ന് വിരമിച്ചവർ കടുത്ത പ്രതിസന്ധിയിൽ
text_fieldsകോഴിക്കോട്: മാസാവസാനമായിട്ടും പെൻഷൻ കിട്ടാതായതോടെ കെ.എസ്.ആർ.ടി.സിയിൽനിന്ന് വിരമിച്ചവർക്കും ആശ്രിതർക്കും കടുത്ത പ്രതിസന്ധി. സംസ്ഥാനത്ത് 4000ത്തിലധികം പേരാണ് പെൻഷന് വേണ്ടി കാത്തിരിക്കുന്നത്. ഇതിൽ ആറായിരത്തിലധികം പേർ കോഴിക്കോട് ജില്ലയിൽനിന്നാണ്. പെൻഷൻ വാങ്ങുന്നവരിൽ 65 ശതമാനത്തിലധികം രോഗികളാണ് എന്നാണ് കണക്ക്. ഇവർ മരുന്നുൾപ്പെടെ വാങ്ങാൻ കഴിയാതെ കടുത്ത പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. കോവിഡ് കാലം കൂടിയായതിനാൽ പ്രതിസന്ധിയുടെ ആഴം ഇരട്ടിയാണ്. 28,000ത്തോളം പേർക്ക് 20,000ത്തിൽ താഴെയാണ് പെൻഷൻ. 12,000ത്തോളം പേർ ഫാമിലി പെൻഷൻകാരാണ്.
നാല് വർഷത്തോളമായി മുടങ്ങാതെ ലഭിച്ച പെൻഷൻ ഈ മാസം മുതൽ പഴയ അവസ്ഥയിലേക്ക് പോയി. സഹകരണ ബാങ്ക് വഴിയാണ് കഴിഞ്ഞ സർക്കാർ പെൻഷൻ ഏർപ്പെടുത്തിയത്. സഹകരണ ബാങ്കുകളുമായുള്ള കരാറിലെ സാങ്കേതികപ്രശ്നമാണ് ഈ മാസം പെൻഷൻ മുടങ്ങാൻ ഇടയാക്കിയത്. ധാരണപത്രത്തിൽ മുഖ്യമന്ത്രി ഒപ്പിട്ടതാണെങ്കിലും പെൻഷൻ വൈകുന്നത് എന്തുകൊണ്ടാണെന്ന് സർക്കാർ അനുകൂല സംഘടനകൾപോലും ചോദിക്കുന്നു.
തെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് മാസത്തെ പെൻഷൻ അഡ്വാൻസ് ലഭിച്ചിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കാര്യങ്ങൾക്കെല്ലാം മെല്ലെപ്പോക്കാണെന്നാണ് ഒരു വിഭാഗം പെൻഷൻകാർ ആരോപിക്കുന്നത്. ഏറ്റവുമൊടുവിൽ ഇൗ മാസം തന്നെ ജൂണിലെ പെൻഷൻ ലഭ്യമാക്കാനുള്ള ഉൗർജിത നടപടിയിലാണെന്നാണ് സർക്കാർ സംഘടനകൾക്ക് കൊടുത്ത വാഗ്ദാനം. ഇന്നുതന്നെ ബാങ്കുകളിൽ പെൻഷൻ എത്തുമെന്നാണ് സൂചനയെന്ന് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി കെ. രാജു പറഞ്ഞു. ഭക്ഷണത്തിനും മരുന്നിനുംപോലും കടം വാങ്ങി, ജീവിതസായാഹ്നം തള്ളിനീക്കുന്ന കെ.എസ്.ആർ.ടി.സി പെൻഷൻകാരോട് സർക്കാർ നീതി കാട്ടണമെന്നും െപൻഷൻ ഉടൻ വിതരണം ചെയ്യണമെന്നും ട്രാൻസ്പോർട്ട് എംപ്ലോയീസ് ഓർഗനൈസേഷൻ മുൻ ജനറൽ സെക്രട്ടറി പി.എം. കോയ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

