പയ്യോളി: റെയിൽപ്പാളം മുറിച്ചുകടക്കവെ തലകറങ്ങി വീണ വയോധികനെ ട്രെയിനിന് മുന്നിൽനിന്ന് രക്ഷിച്ച് യുവാവിൻെറ ധീരത. പയ്യോളി ടൗണിന് തെക്ക് ഭാഗത്ത് ബ്ലോക്ക് ഓഫീസിന് സമീപം കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെയാണ് സംഭവം. ടൗണിലെ ചുമട്ടുതൊഴിലാളി യായിരുന്ന മധുരക്കണ്ടി മഹമൂദിനെയാണ് (67) നാട്ടുകാരനും പയ്യോളിയിലെ ടാക്സി ഡ്രൈവറുമായ മണ്ണൻചാലിൽ പി.ടി. രാജീവൻെറ അവസരോചിതമായ ഇടപെടലിലൂടെ ജീവൻ രക്ഷപ്പെടുത്തിയത്.
രാജീവനോടൊപ്പം നാട്ടുകാരുടെ സഹായവും രക്ഷാപ്രവർത്തനത്തിന് മുതൽകൂട്ടായി. ടൗണിൽനിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് തിരിച്ചുപോവുകയായിരുന്ന മഹമൂദ് റെയിൽപാളം മുറിച്ചു കടക്കവെ തലകറങ്ങി പാളത്തിൽ വീഴുകയായിരുന്നു. എഴുന്നേൽക്കാൻ കഴിയാതെ പ്രയാസപ്പെടുന്ന മുഹമ്മദിനെ ദൂരെനിന്നും നടന്നു വരികയായിരുന്ന രാജീവ് കണ്ടു. പിന്നീടുള്ള നിമിഷങ്ങളിൽ ജീവൻ പണയം വെച്ച് മഹമൂദിനെ രാജീവൻ പാളത്തിന് പുറത്തേക്ക് ഒരു വിധം വലിച്ചിട്ട് ജീവൻ രക്ഷിക്കുകയായിരുന്നു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മഹമൂദിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലൈറ്റ് മോട്ടോർ തൊഴിലാളി യൂനിയൻ പയ്യോളി സെക്ഷൻ കമ്മിറ്റി പ്രസിഡന്റാണ് പി.ടി. രാജീവൻ.