പയ്യോളി : കുറ്റ്യാടി പുഴയിൽ കൂട്ടുകാരോടപ്പം കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട വിദ്യാർഥിയെ മണിക്കൂറുകളോളം നീണ്ട തിരച്ചിൽ നടത്തിയിട്ടും രണ്ടാം ദിവസവും കണ്ടെത്താനായില്ല. മണിയൂർ കുന്നത്തുകര എണ്ണക്കണ്ടി സിറാജിെൻറ മകൻ ഷിഹാസിനെയാണ് (23) ഞായറാഴ്ച വൈകീട്ടോടെ പുഴയിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് കാണാതായത്. പയ്യോളി നഗരസഭയെയും മണിയൂർ ഗ്രാമപഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന തുറശ്ശേരിക്കടവ് പാലത്തിൽനിന്നും കിഴക്ക് മാറി മുന്നൂറ് മീറ്ററകലെ കുന്നത്തുകര മൂഴിക്കൽ ചീർപ്പിന് സമീപമാണ് അപകടം നടന്നത്.
തിങ്കളാഴ്ച രാവിലെ മുതൽ ശക്തമായ മഴ അവഗണിച്ച് വടകര തീരദേശ പൊലീസും, അഗ്നിരക്ഷ - സേവനവിഭാഗവും, കൂരാച്ചുണ്ടിൽനിന്നെത്തിയ 'അമീൻ റെസ്ക്യൂ' മുങ്ങൽവിദഗ്ധ സംഘവും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം തിരച്ചിൽ നടത്തിയിട്ടും ഷിഹാസിനെ കണ്ടെത്താനായില്ല .
രണ്ടു തോണികളിലായി 15 പേരടങ്ങുന്ന സംഘം ഷിഹാസ് കുളിക്കാനിറങ്ങിയ പുഴയുടെ ചുറ്റുപാടും തിങ്കളാഴ്ച വൈകീട്ട് വരെ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം .
പുഴയുടെ ആഴത്തിലുള്ള ദൃശ്യങ്ങൾ പകർത്താനുള്ള കാമറയടക്കം ആധുനിക സംവിധാനങ്ങളോടെയാണ് സംഘം പുഴയിൽ ഇറങ്ങി പരിശോധന നടത്തിയത്. നിരവധി പേരാണ് കനത്തമഴയത്തും രക്ഷാപ്രവർത്തനങ്ങൾ കാണാനെത്തിയത്. കലക്ടർ വി. സാംബശിവറാവു ഉദ്യോഗസ്ഥരുമായി ഫോണിൽ ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തി.
ആവശ്യമെങ്കിൽ നാവികസേനയുടെ സഹായവും തേടിയിട്ടുണ്ട്. ഞാറാഴ്ച വൈകീട്ട് ആറരയോടെ സമീപത്തെ മദ്റസയുടെ ഗ്രൗണ്ടിൽ ഫുട്ബാൾ കളിച്ച ശേഷം സുഹൃത്ത് റിൻഷാദിനൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഷിഹാസിനെ രക്ഷിക്കാനുള്ള ശ്രമത്തിൽ അപകടത്തിൽപ്പെട്ട റിൻഷാദിനെ സമീപത്തെ തോണിക്കാർ എത്തി രക്ഷപ്പെടുത്തുകയായിരുന്നു .
മറ്റൊരു സുഹൃത്തും സമീപത്ത് ഉണ്ടായിരുെന്നങ്കിലും കുളിക്കാൻ ഇറങ്ങിയിരുന്നില്ല. തുടർന്ന് ഞായറാഴ്ച രാത്രി വൈകിയും തിരച്ചിൽ നടത്തിയിരുെന്നങ്കിലും പിന്നീട് നിർത്തിവെക്കുകയായിരുന്നു. ഷിയാസ് ചെരണ്ടത്തൂർ എം.എച്ച്. ഇ.എസ്. കോളജിലെ അവസാന വർഷ ബിരുദവിദ്യാർഥിയാണ്.
കുറ്റ്യാടി എം.എൽ.എ. കെ.പി. കുഞ്ഞമ്മദുകുട്ടി മാസ്റ്റർ, ആർ.ഡി.ഒ സി. ബിജു , തഹസിൽദാർ കെ.കെ. പ്രസീൽ, െഡപ്യൂട്ടി തഹസിൽദാർമാരായ കെ. മാർക്കണ്ഡേയൻ, വി.കെ. സുധീർ, പയ്യോളി എസ്. ഐമാരായ വി.ആർ. വിനീഷ്, കെ. ബാബു തുടങ്ങിയവർ സ്ഥലത്തെത്തി.