പയ്യോളി: മത്സരപ്പാച്ചിലിനിടെ കാറിലിടിച്ച് നിർത്താതെ പോയ സ്വകാര്യ ബസ് യാത്രക്കാര്‍ പിന്തുടർന്ന് പിടികൂടി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ പയ്യോളി ബസ് സ്റ്റാൻഡിലാണ് സംഭവം. കോഴിക്കോടുനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ.എല്‍ 11 ബി.ബി. 2372 'സെന്‍ഹ' ബസാണ് കാറിൽ ഇടിച്ചത്.
ദേശീയപാതയിൽ ബി.എസ്.എന്‍.എല്‍ ഓഫിസിന് സമീപത്തായിരുന്നു അപകടം. കാറിന്റെ വശത്ത് തട്ടി റിയർവ്യൂ ഗ്ലാസ് തകർന്നു. കാര്‍ യാത്രക്കാരന്‍ ഉറക്കെ ഹോണ്‍ മുഴക്കിയിട്ടും ബസ് നിര്‍ത്താന്‍ തയാറായില്ല. ഇതേ തുടർന്ന് മറ്റൊരു കാർ യാത്രികരുടെ സഹായത്തോടെ പയ്യോളി ബസ് സ്റ്റാൻഡിൽ വെച്ച് ബസിന് മുമ്പിൽ കാർ കുറുകെയിട്ട് തടയുകയായിരുന്നു. ഇത് ഏറെ നേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു.
ഒടുവിൽ പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. മെഡിക്കൽ കോളജിൽനിന്ന് ഡിസ്ചാർജ് ചെയ്ത രോഗി കൂടെയുള്ളതിനാൽ കാർ യാത്രക്കാർ പരാതി നൽകാതെ സംഭവം ഒത്തുതീർപ്പാക്കി.