പയ്യോളി: കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ കാണാതായ വിദ്യാർഥിയുടെ മൃതദേഹം നീണ്ട തിരച്ചിലിനൊടുവിൽ മൂന്നാം ദിവസം കണ്ടെത്തി. മണിയൂർ കുന്നത്തുകര എണ്ണക്കണ്ടി സിറാജിന്റെ മകൻ ഷിഹാസിന്റെ (22) മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ എട്ടോടെ, കുളിക്കാനിറങ്ങിയ പുഴക്കരയുടെ സമീപത്തുനിന്ന് കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ടോടെ തുറശ്ശേരിക്കടവ് പാലത്തിന് സമീപം മുന്നൂറോളം മീറ്ററകലെ കുന്നത്തുകര മൂഴിക്കൽ ചീർപ്പിന് സമീപമാണ് അപകടം.
സമീപത്തെ മദ്റസയുടെ ഗ്രൗണ്ടിൽ ഫുട്ബാൾ കളിച്ച ശേഷം സുഹൃത്ത് റിൻഷാദിനൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ ഷിഹാസ് പുഴയിൽ മുങ്ങിത്താഴുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ വരെ നടത്തിയ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം പൊങ്ങിയ നിലയിൽ കാണപ്പെട്ടത്. തുടർന്ന് മൃതദേഹം വടകര ജില്ല ആശുപത്രിയിലെത്തിച്ചശേഷം നടത്തിയ കോവിഡ് പരിശോധന ഫലം പോസിറ്റിവായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വൈകീട്ട് ഏഴോടെ കോവിഡ് പ്രോട്ടോകോൾ പ്രകാരം മയ്യിത്ത് കുന്നത്തുകര ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മാതാവ്: ഷഹീദ. സഹോദരങ്ങൾ: നാദിർ, നദീർ, ഷഹബാസ്.