പയ്യോളി: ദേശീയപാത വികസന പ്രവൃത്തിയുടെ ഉപകരാറുകാരായ വാഗഡ് ഇൻഫ്രാ പ്രോജക്ട്സിന്റെ ലേബർ ക്യാമ്പ് മാറ്റണമെന്നാവശ്യപ്പെട്ട് നന്തിയിലെ പ്ലാന്റിന് മുന്നിൽ സി.പി.എം നേതൃത്വത്തിൽ വീണ്ടും ജനകീയ ഉപരോധമാരംഭിച്ചു.
ലേബർ ക്യാമ്പിൽനിന്ന് പുറത്തേക്ക് ഒഴുകുന്ന കക്കൂസ് മാലിന്യമുൾപ്പെടെ മലിനജലം സമീപത്തെ വീടുകളിലെ കിണറുകളിൽ ഒഴുകിയെത്തിയത് വൻപ്രതിഷേധമുളവാക്കിയിരുന്നു. ഇതിനെത്തുടർന്ന് തിങ്കളാഴ്ച ആർ.ഡി.ഒ സി. ബിജു സ്ഥലത്തെത്തി ലേബർ ക്യാമ്പ് നിർത്തിവെക്കാൻ നിർദേശിച്ചിരുന്നു. ശുദ്ധമായ കുടിവെള്ളം വീടുകളിൽ എത്തിച്ചു നൽകുന്നത് ഉൾപ്പടെ നിബന്ധനകൾ മുന്നോട്ടുവെച്ചു.
എന്നാൽ, ചൊവ്വാഴ്ച രാവിലെ ആർ.ഡി.ഒയുടെ നിർദേശം ലംഘിച്ച് ലേബർ ക്യാമ്പിൽനിന്ന് തൊഴിലാളികൾ ഒഴിഞ്ഞുപോകാത്തതും മലിനജലം പതിവുപോലെ കിണറുകളിൽ ഒഴുകിയെത്തിയതും നാട്ടുകാരിൽ പ്രതിഷേധമുളവാക്കി. ഇതിനെത്തുടർന്ന് രാവിലെ ഏഴോടെ സി.പി.എം നേതൃത്വത്തിൽ വീണ്ടും നാട്ടുകാർ സംഘടിച്ച് പ്ലാന്റിന് മുന്നിൽ പന്തൽ കെട്ടി ഉപരോധം തീർക്കുകയായിരുന്നു.
ഉപരോധമാരംഭിച്ചതോടെ അഴിയൂർ -വെങ്ങളം ദേശീയപാത പ്രവൃത്തി ചൊവ്വാഴ്ച ഭാഗികമായി തടസ്സപ്പെട്ടു. കാനത്തിൽ ജമീല എം.എൽ.എ സമരപ്പന്തൽ സന്ദർശിച്ച് സ്ഥിതിഗതി വിലയിരുത്തി. ബുധനാഴ്ച മുതൽ സമരം കൂടുതൽ ശക്തമാക്കാനാണ് ആലോചന. സമരത്തിൽ സി.പി.എം പയ്യോളി ഏരിയ സെക്രട്ടറി എം.പി. ഷിബു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ജീവാനന്ദൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, സി.പി.എം ലോക്കൽ സെക്രട്ടറി കെ. വിജയരാഘവൻ, സമരസമിതി ചെയർമാൻ ശശി പുത്തലത്ത്, കൺവീനർ എൻ.കെ. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.