പയ്യോളി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിലെ ഒന്നാം ഡിവിഷനായ കടലൂരിൽ വനിതകളുടെ വേറിട്ട മത്സരം. മൂടാടി പഞ്ചായത്ത് വനിത വിഭാഗം മുസ്ലിംലീഗ് സെക്രട്ടറി സുഹറ ഖാദറിെൻറ എതിരാളിയായി മത്സരിക്കുന്നത് മകളുടെ ഭർതൃമാതാവും ഐ.എൻ.എൽ വനിത വിഭാഗം സംസ്ഥാന വൈസ് പ്രസിഡൻറുമായ ഒ.ടി. അസ്മ.
വൻമുഖം ഗവ. ഹൈസ്കൂൾ മദർ പി.ടി.എ പ്രസിഡൻറ് കൂടിയായ സുഹറ പൊതുരംഗത്ത് സജീവമാണെങ്കിലും പൊതുതെരഞ്ഞെടുപ്പിൽ നടാടെയാണ് കളത്തിലിറങ്ങുന്നത്. വിജയം സുനിശ്ചിതമാണെന്ന കണക്കുകൂട്ടലിൽ തന്നെയാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് അവർ പറയുന്നു. കഴിഞ്ഞ തവണ ആയിരത്തിലധികം വോട്ടിനാണ് യു.ഡി.എഫിെൻറ മുഹമ്മദലി മുതുകുനി ജയിച്ച് കയറിയത്. പന്തലായനി ബ്ലോക്ക് പഞ്ചായത്തിലെ മുസ്ലിംലീഗിെൻറ സിറ്റിങ് സീറ്റായ കടലൂർ ഡിവിഷൻ ഇത്തവണ വനിത സംവരണമാണ്.
എൽ.ഡി.എഫ് സ്ഥാനാർഥിയായ ഒ.ടി. അസ്മക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിെൻറ അനുഭവസമ്പത്ത് കരുത്തായുണ്ട്. ഐ.എൻ.എൽ സംസ്ഥാന വനിത നേതാവ് കൂടിയായ അസ്മയുടെ നാലാം അങ്കത്തിനാണ് ഇതോടെ കളമൊരുങ്ങുന്നത്. ഒരു തവണ വാർഡ് മെമ്പറാവാനുള്ള അവസരവും അസ്മക്ക് ലഭിച്ചിട്ടുണ്ട്. ഉമ്മമാരുടെ രാഷ്ട്രീയ പോരാട്ടത്തിന് മുഫീദും ഭാര്യ ഷഹലയും ഉറച്ച പിന്തുണയുമായി രംഗത്തുണ്ട്.