പയ്യോളി: യുക്രെയ്നിലെ യുദ്ധഭൂമിയിൽ മക്കളായ റാസിയും റഫീനയും ദുരിതമനുഭവിക്കുമ്പോൾ പുറക്കാട് 'ഫിർദൗസി'ൽ പിതാവ് എ.വി. റഫീഖിന്റെയും മാതാവ് മലയിൽ സൗദയുടെയും മനമുരുകിയ പ്രാർഥന ദൈവം കേട്ടു. ഒടുവിൽ മാർച്ച് അഞ്ചിന് മകൾ റഫീനയും (25) മകൻ മുഹമ്മദ് റാസി (22) മാർച്ച് 12നും തിരികെ നാട്ടിലെത്തി.
യുക്രെയ്നിലെ സുമിയിൽ അഞ്ചാം വർഷ മെഡിക്കൽ വിദ്യാർഥിയായ റാസിയടക്കം 480 ഇന്ത്യൻ വിദ്യാർഥികൾ യുദ്ധം പൊട്ടിപ്പുറപ്പെട്ട ഫെബ്രുവരി 20 മുതൽ മാർച്ച് എട്ടുവരെ കോളജ് ഹോസ്റ്റലിലും ബങ്കറുകളിലുമായി ഏറെ ഭീതിയോടെയാണ് കഴിച്ചുകൂട്ടിയത്. റഷ്യയുടെ ആക്രമണ ഭീഷണി ഭയന്ന് രാത്രികാലങ്ങളിൽ ഹോസ്റ്റൽ മുറികളിൽ വെളിച്ചംപോലും തെളിക്കാറില്ലെന്നും കുടിവെള്ളത്തിനുപോലും പ്രയാസമനുഭവിച്ചതായും റാസി 'മാധ്യമ'ത്തോട് പറഞ്ഞു.
ഏറെ ആശ്വാസമായത് ഉത്തരേന്ത്യൻ സ്വദേശികളായ ഔഷധ നിർമാണ കമ്പനി പ്രതിനിധികളായ സഞ്ജയ് കുമാറും വികാസ് ജാവ്ലെയും ഭക്ഷ്യവസ്തുക്കൾ എത്തിച്ചുനൽകിയതാണ്. ഇവർ നാട്ടിലേക്ക് പോകാനുള്ള സൗകര്യങ്ങൾ ഒരുക്കിത്തന്നതും റാസിയും കൂട്ടുകാരും ഏറെ നന്ദിയോടെ ഓർക്കുന്നു. ഒടുവിൽ വെടിനിർത്തൽ വേളയിൽ കഴിഞ്ഞ മാർച്ച് എട്ടിന് പുറപ്പെട്ട് മണിക്കൂറുകൾ താണ്ടി പോളണ്ടിലെത്തിയതോടെയാണ് വിദ്യാർഥി സംഘത്തിന് ശ്വാസം നേരെവീണത്.
റാസിയുടെ സഹോദരിയും നടുവണ്ണൂർ മന്ദങ്കാവ് സ്വദേശി മുഹമ്മദ് സർത്താജിന്റെ ഭാര്യയുമായ റഫീന യുക്രെയ്നിലെ സോഫ്രോഷ്യയിൽ ആറാം വർഷ മെഡിക്കൽ വിദ്യാർഥിയാണ്. ഇരുവർക്കും പഠന പൂർത്തീകരണത്തിന്റെ അവസാനഘട്ടത്തിൽ യുദ്ധം ഇടിത്തീയായി വന്നുപെട്ടത് നിരാശയുളവാക്കുന്നുണ്ട്. എങ്കിലും അപകടമൊന്നുമില്ലാതെ ഇവർ തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് കുടുംബം.