പെട്രോൾ ഇനി കുപ്പിയിൽ കിട്ടില്ല; വഴിയിൽ കുടുങ്ങുന്ന യാത്രക്കാർക്ക് ദുരിതം
text_fieldsപയ്യോളി: പമ്പുകളിൽനിന്ന് കുപ്പിയിൽ പെട്രോൾ നൽകരുതെന്ന നിയമം വീണ്ടും കർശനമാക്കിയത്, ഇന്ധനം തീർന്ന് വഴിയിൽ കുടുങ്ങുന്ന യാത്രക്കാർക്ക് ദുരിതമാവുന്നു. എലത്തൂരിലുണ്ടായ ട്രെയിൻ തീവെപ്പ് സംഭവത്തെ തുടർന്ന് പെട്രോളിയം ആൻഡ് എക്സ് പ്ലോസിവ് സേഫ്റ്റി ഓർഗനൈസേഷന്റെ (പെസോ) 2002ലെ നിയമം വീണ്ടും കർശനമായി നടപ്പാക്കാനുള്ള സർക്കാറിന്റെ തീരുമാനമാണ് യാത്രക്കാരെ പെരുവഴിയിലാക്കുന്നത്.
പ്രധാനമായും ഇരുചക്ര വാഹനയാത്രക്കാരാണ് പെട്രോൾ തീർന്ന് വഴിയിൽ കുടുങ്ങുന്നത്. ഇതു സംബന്ധിച്ച് പമ്പിലെ ജീവനക്കാരും കുപ്പിയുമായി പെട്രോൾ വാങ്ങാൻ എത്തുന്നവരും തമ്മിൽ വാക്കുതർക്കം പതിവായിരിക്കുകയാണ്. പെട്രോൾ തീർന്നാൽ കിലോമീറ്ററുകൾ അകലെയുള്ള പമ്പുകളിലേക്ക് വാഹനങ്ങൾ നേരിട്ടെത്തിക്കുകയെന്നത് ഏറെ അപ്രായോഗികമാണെന്നാണ് യാത്രക്കാർ പരാതിപ്പെടുന്നത്.
അതേസമയം നിയമവിരുദ്ധമായി പെട്രോൾ നൽകുന്നത് തങ്ങളുടെ ലൈസൻസ് വരെ റദ്ദാക്കിയേക്കുമെന്നതിനാലാണ് പമ്പുടമകൾ പെട്രോൾ നൽകാത്തത്. എലത്തൂരിലുണ്ടായ ട്രെയിൻ തീവെപ്പ് സംഭവത്തിൽ പ്രതി കുപ്പിയിൽ വാങ്ങിയ പെട്രോൾ ഉപയോഗിച്ചാണ് യാത്രക്കാരെ ആക്രമിച്ച് തീവെച്ചത്. ഇതിനുശേഷമാണ് കഴിഞ്ഞാഴ്ച സർക്കാർ നിയമം കർശനമാക്കിയത്.