പയ്യോളി: സന്നദ്ധപ്രവർത്തനത്തോടൊപ്പം 16 വർഷമായി തന്നെ കാർന്നുതിന്നുന്ന അർബുദരോഗത്തോട് യുദ്ധംചെയ്യുന്ന ശ്രീജയുടെ ജീവനും ജീവിതവും ദുരിതക്കയത്തിൽ. തിക്കോടി ചിങ്ങപുരം കാട്ടുകുറ്റിക്കുനി ശ്രീജയാണ് (42) 26ാമത്തെ വയസ്സിൽ പിടിപെട്ട മാരകരോഗവുമായി ഇപ്പോഴും പോരാടുന്നത്. ഹൃദ്രോഗിയായ ഭർത്താവ് സുരേഷിന് വൃക്കസംബന്ധമായ രോഗങ്ങളുംകൂടി പിടിപ്പെട്ടതാണ് ഈ കുടുംബത്തിെൻറ ജീവിതം തീർത്തും വഴിമുട്ടിയ അവസ്ഥയിലാക്കിയിരിക്കുന്നത്.
പ്ലസ് ടുവിന് പഠിക്കുന്ന മകെൻറ പഠനവും ഇതോടെ നിലച്ചിരിക്കുകയാണ്. 2004ൽ ശ്രീജയുടെ ജീവിതം മാറ്റിമറിച്ച ഉദര അർബുദത്തെ തുടർന്ന്, പാൻക്രിയാസ് ഗ്രന്ഥിയടക്കമുള്ള ആന്തരികഭാഗങ്ങൾ മുറിച്ച് മാറ്റിയിട്ടുണ്ട്. ശസ്ത്രക്രിയകൾക്കുശേഷം കുറച്ച് ദിവസത്തെ ആയുസ്സ് മാത്രമാണ് കൊച്ചി സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ അപ്പോൾ വിധിയെഴുതിയിരുന്നത്. പ േക്ഷ, വൈദ്യശാസ്ത്രത്തിെൻറ കണക്കുകൂട്ടലുകൾ തെറ്റിച്ച് ശ്രീജ പിന്നീട് അതിജീവനത്തിെൻറ പുതിയ അധ്യായങ്ങൾ രചിക്കുകയായിരുന്നു. പ്രദേശത്തെ പെയിൻ ആൻഡ് പാലിേയറ്റിവ് കേന്ദ്രങ്ങളിലെ സജീവ വളൻറിയറായി തന്നെപ്പോലെ വേദനിക്കുന്ന മറ്റ് രോഗികളെ സഹായിക്കാനും തയാറായി.
എന്നാൽ, രോഗശയ്യയിലും മറ്റ് രോഗികൾക്ക് സാന്ത്വനവുമായി എത്തുന്ന ശ്രീജയുടെ അസുഖം ഇപ്പോൾ ഗുരുതരമായതിന് പുറമെ, ഇരുട്ടടിപോലെ ഭർത്താവിെൻറ അസുഖത്തിനുമടക്കം ഭാവി ചികിത്സകൾക്കെല്ലാംകൂടി ലക്ഷങ്ങൾ വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. പാലി േയറ്റിവ് പ്രവർത്തകരുടെയും സുമസ്സുകളുടെയും കാരുണ്യത്തിൽ നാലു ലക്ഷത്തോളം രൂപ വരുന്ന ഇൻജക്ഷനുകൾ ചെയ്താണ് ശ്രീജ ഇപ്പോൾ ജീവൻ നിലനിർത്തുന്നത്. നിത്യച്ചെലവുതന്നെ മുമ്പോട്ടു പോകാൻ കഴിയാതെ ജീവിതത്തിന് മുന്നിൽ പകച്ചുനിൽക്കുമ്പോൾ ഇരുവർക്കും ആവശ്യമായ ഭീമമായ ചികിത്സച്ചെലവ് ഇവർക്ക് താങ്ങാൻ പറ്റാത്തതാണ്. സഹായങ്ങൾ സ്വരൂപിക്കാനായി എസ്.ബി.ഐ വടകര ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ 20072624073, ഐ.എഫ്.എസ്.ഇ കോഡ്, SBlN0005048.