പയ്യോളി: ദേശീയപാതയിൽ മൂരാട് ഓയിൽ മില്ലിന് സമീപം മിനിലോറി നിയന്ത്രണം വിട്ട് സ്വകാര്യ വ്യക്തിയുടെ മതിൽ തകർത്തു. അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ ബാലുശ്ശേരി സ്വദേശി ഇർഷാദിനെ (30) വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് നാലു മണിയോടെ കണ്ണൂർ ഭാഗത്തുനിന്നു വരുകയായിരുന്ന ചെങ്കൽ കയറ്റിയ മിനിലോറിയാണ് അപകടത്തിൽപെട്ടത്.
ഓട്ടത്തിനിടയിൽ ടയർ പൊട്ടിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് റോഡരികിലെ സ്വകാര്യവ്യക്തിയുടെ വീടിെൻറ മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം നിശ്ശേഷം തകർന്നു. വീടിെൻറ ചുറ്റുമതിലും ഭാഗികമായി തകർന്നിട്ടുണ്ട്. അപകടത്തിൽ ലോറിയുടെ കാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ വടകരയിൽനിന്നും അഗ്നിശമനസേന യൂനിറ്റ് എത്തിയ ശേഷം വാതിലും സ്റ്റിയറിങ്ങും തകർത്താണ് പുറത്തെടുത്തത്.
അപകടത്തെ തുടർന്ന് രണ്ട് മണിക്കൂറിലധികം ദേശീയപാതയിൽ ഗതാഗതസ്തംഭനം അനുഭവപ്പെട്ടു. വാഹനങ്ങളുടെ നിര ഇരുഭാഗത്തും മൂന്ന് കിലോമീറ്ററിലധികം നീണ്ടു.