പയ്യോളി: കേരള റെയിൽ വികസന കോർപറേഷൻ ലിമിറ്റഡ് (കെ-റെയിൽ) സംരംഭമായ നിർദിഷ്ട അർധ-അതിവേഗ റെയിൽ കോറിഡോർ പദ്ധതിയായ സിൽവർ ലൈനിനെതിരെ ജില്ലയുടെ വടക്കൻ മേഖലകളിൽ പ്രക്ഷോഭം ശക്തമാവുന്നു. തൃശൂർ മുതൽ കാസർകോട് വരെ നിലവിലുള്ള റെയിൽപാതക്ക് സമാന്തരമായാണ് പാത കടന്നുപോവുകയെന്നായിരുന്നു കെ -റെയിൽ അധികൃതർ മുമ്പ് വ്യക്തമാക്കിയിരുന്നത്.
എന്നാൽ, ഇതിന് വിരുദ്ധമായി മൂടാടി നന്തി മുതൽ തിക്കോടി വരെ ഉൾപ്പെടെ ചില ഭാഗങ്ങളിൽ നിലവിലെ പാതയിൽനിന്ന് 500 മീറ്റർ വരെ വിട്ടുമാറി ജനവാസകേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന രീതിയിലാണ് ഏറ്റവും പുതിയ അലൈൻമെൻറ് പുറത്തുവന്നിരിക്കുന്നത്. ഇരിങ്ങൽ മൂരാട്, വടകര പുതുപ്പണം കറുകപ്പാലം വരെയുള്ള ഭാഗങ്ങളിലും നിലവിലെ പാതയിൽനിന്ന് ഏറെ വിട്ടുമാറിയാണ് കടന്നുപോവുന്നത്. പദ്ധതിക്കെതിരെ നിരവധി പ്രക്ഷോഭ പരമ്പരകൾ പ്രദേശത്ത് ഇതിനകം അരങ്ങേറിയിട്ടുണ്ട്.
വീരവഞ്ചേരി, പുറക്കാട്, പള്ളിക്കര, കീഴൂർ, അയനിക്കാട്, പാലേരിമുക്ക് തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടെ പ്രദേശത്തെ കിഴക്കൻ മേഖലകളിലൂടെ ആയിരുന്നു ആദ്യം പാതയുടെ അലൈൻമെൻറ് വന്നിരുന്നത്. എന്നാൽ, ശക്തമായ ജനകീയ എതിർപ്പുകളെ തുടർന്ന് ആദ്യം പുറത്തിറക്കിയ അലൈൻമെൻറ് കഴിഞ്ഞ ജൂണിൽ മാറ്റാൻ സംസ്ഥാന സർക്കാർ തയാറാവുകയായിരുന്നു. ഇപ്പോൾ പാതയുടെ പടിഞ്ഞാറ് ഭാഗത്തുകൂടി അലൈൻമെൻറ് മാറ്റിയപ്പോൾ വീണ്ടും എതിർപ്പുകൾ ശക്തമായിരിക്കുകയാണ്. പാത കടന്നുപോവുന്ന എലത്തൂർ മുതൽ ചോറോട് വരെയുള്ള പ്രദേശങ്ങളിൽ സ്വാതന്ത്ര്യദിനത്തിൽ പദ്ധതിരേഖ കത്തിച്ച് വീടുകളിൽ പ്രതിഷേധം അലയടിച്ചിരുന്നു.
തിക്കോടി പഞ്ചായത്തിലെ രണ്ടു വാർഡുകളിലെയും മൂടാടി പഞ്ചായത്തിലെ അഞ്ചു വാർഡുകളിലെയും 155 വീടുകൾ പൂർണമായും 300ലധികം വീടുകളെ ഭാഗികമായും ബാധിക്കുന്ന തരത്തിലാണ് പാതയുടെ അലൈൻമെൻറ് പുറത്തുവിട്ടിരിക്കുന്നത്. കൂടാതെ 117 കിണറുകൾ ഇല്ലാതാവുകയും ഫലവൃക്ഷങ്ങൾ ഉൾപ്പെടെ മൂവായിരത്തോളം മരങ്ങൾ, 12 നീർച്ചാലുകൾ, മൂന്ന് ചതുപ്പ് നിലങ്ങൾ, നാല് കുളങ്ങൾ തുടങ്ങി പ്രദേശത്ത് ഒട്ടേറെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്കും പാത കാരണമായേക്കുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 21 കിടപ്പുരോഗികളടക്കം ഇരുന്നൂറിലധികം വിവിധ രോഗങ്ങളാൽ പ്രയാസപ്പെടുന്നവരും വീടും സ്ഥലവും നഷ്ടപ്പെടുന്നവരുടെ കൂട്ടത്തിലുണ്ട്. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തയാറാവണമെന്നാണ് ജില്ല കോഓഡിനേഷൻ കമ്മിറ്റിയും ആവശ്യപ്പെടുന്നത്.