പയ്യോളി: തുറയൂരിൽ ഏറെക്കാലമായി സി.പി.എമ്മിൽനിന്ന് അകന്നുനിന്ന പാർട്ടിയുടെ മുൻഭാരവാഹികളടക്കം സി.പി.ഐയിൽ ചേർന്നു.
തിങ്കളാഴ്ച വൈകീട്ട് പയ്യോളി അങ്ങാടിയിൽ പന്ന്യൻ രവീന്ദ്രൻ പങ്കെടുത്ത പൊതുസമ്മേളനത്തിൽവെച്ചാണ് ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.
'ശ്രദ്ധ' സാംസ്കാരിക വേദി രൂപവത്കരിച്ച് പ്രവർത്തിച്ചുവരുകയായിരുന്ന സി.പി.എം മുൻ ഏരിയ കമ്മിറ്റിയംഗം പി. ബാലഗോപാലൻ, മുൻ ലോക്കൽ സെക്രട്ടറി പി.ടി. ശശി, ഡി.വൈ.എഫ്.ഐ ബ്ലോക്ക് ഭാരവാഹികളായിരുന്ന കെ. രാജേന്ദ്രൻ, പി.ടി. സനൂപ്, എസ്.എഫ്.ഐ മുൻസംസ്ഥാന കമ്മിറ്റിയംഗം കെ. ജയന്തി തുടങ്ങി വിവിധ മുൻ ബ്രാഞ്ച് സെക്രട്ടറിമാരും ലോക്കൽ കമ്മിറ്റിയംഗങ്ങളുമുൾപ്പടെ ഇരുനൂറോളം പേർ പാർട്ടിയിലേക്ക് എത്തിയതായി സി.പി.ഐ കേന്ദ്രങ്ങൾ പറഞ്ഞു.
2017 മുതൽ സി.പി.എമ്മുമായി ഇടഞ്ഞു നിൽക്കുന്ന ഒരു വിഭാഗം പരസ്യമായി പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് മുമ്പോട്ട് പോയിരുന്നു. ലോക്കൽ കമ്മിറ്റി പിരിച്ചുവിട്ട് പാർട്ടി നേതൃത്വം വിഷയങ്ങൾ ചർച്ച ചെയ്തെങ്കിലും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
'ശ്രദ്ധ'യുടെ പേരിൽ വിവിധ പരിപാടികളും ഇവർ സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പിൽ രണ്ട് വാർഡുകളിൽ യു.ഡി.എഫുമായി സഹകരിച്ച് പ്രവർത്തിച്ചെങ്കിലും വിജയിക്കാൻ സാധിച്ചിെല്ലന്ന് മാത്രമല്ല, തുറയൂർ ഗ്രാമപഞ്ചായത്ത് ഭരണം എൽ.ഡി.എഫിെൻറ കൈകളിൽ എത്തിയതോടെ 'ശ്രദ്ധ' യുടെ കണക്കുകൂട്ടലുകൾ തെറ്റി.
തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം 'ശ്രദ്ധ' പ്രവർത്തകർക്ക് മർദനമേറ്റിരുന്നു.