ഒരു വർഷത്തിലധികം പഴക്കമുള്ള ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു
text_fieldsപയ്യോളി ടൗണിലെ തീർഥ ഇൻറർനാഷനൽ ഹോട്ടലിൽനിന്ന് നഗരസഭ ആരോഗ്യവിഭാഗം പിടിച്ചെടുത്ത കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളടങ്ങിയ പാക്കറ്റുകൾ ഉദ്യോഗസ്ഥർ പരിശോധിക്കുന്നു
പയ്യോളി: ടൗണിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യവകുപ്പ് നടത്തിയ വ്യാപക പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ദേശീയ പാതയോരത്തുള്ള ബാർ അറ്റാച്ച്ഡ് ഹോട്ടലായ തീർഥ ഇൻറർനാഷനലിൽനിന്ന് പിടിച്ചെടുത്തത് ഒന്നും രണ്ടും വർഷത്തിലധികം കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളെന്ന് ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി.
കാലാവധി കഴിഞ്ഞ വിവിധതരം മസാലപ്പൊടികൾ, സോസുകൾ, ഡാൽഡ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. സ്ഥാപനത്തിന് ആരോഗ്യവകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്. ഇവ നഗരസഭ ഓഫിസിൽ പ്രദർശിപ്പിച്ചശേഷം ഉദ്യോഗസ്ഥർ നശിപ്പിച്ചുകളയുകയായിരുന്നു.
മറ്റൊരു പരിശോധനയിൽ കിഴൂരിലെ പിക് ഫ്രഷ് എന്ന കടയിൽ നിന്ന് കാലാവധി കഴിഞ്ഞ പപ്പടം, അച്ചാർ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. മറ്റ് ആറ് സ്ഥാപനങ്ങൾക്ക് ശുചിത്വ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശം നൽകിയതായി ആരോഗ്യ വിഭാഗം അറിയിച്ചു.
പരിശോധനയിൽ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ എൻ. ബിന്ദുമോൾ, ജെ.എച്ച്.ഐമാരായ പി. ജിഷ, ഡി.ആർ. രജനി, സാനിറ്റേഷൻ വർക്കർ ബാബു മേനോളി, ഡ്രൈവർ നാസിഫ് എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ കർശനമായി തന്നെ തുടരുമെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.
കഴിഞ്ഞ ഏപ്രിൽ 12ന് മതിയായ മാലിന്യസംസ്കരണ സംവിധാനങ്ങളില്ലാത്ത ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന അപ്പാർട്ട്മെൻറുകൾ ഉൾപ്പെടെയുള്ള ടൗണിലും പരിസരത്തുമുള്ള 46 സ്ഥാപനങ്ങൾക്കും ഹരിത കർമസേനയുമായി സഹകരിക്കാത്ത 91 പേർക്കെതിരെയും ആരോഗ്യവിഭാഗം നോട്ടീസ് നൽകിയിരുന്നു.